ന്യൂഡല്‍ഹി: വീട് ഭരിക്കേണ്ട ഭാര്യ സോഷ്യല്‍ മീഡിയയില്‍ ബിസി ആയതിനാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തി വീട്ടില്‍ പോയ്ക്കോളാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ് രംഗത്ത്. തുടര്‍ന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയെ സമീപിച്ചു.
ഐടി വിദഗ്ധനായ നരേന്ദ്ര സിങിനാണ് ഈ ദുര്‍വിധി. ഭാര്യയാണെന്ന ബോധം യുവതിക്കില്ലെന്നാണ് ഇയാളുടെ പരാതി. ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, വിവാഹദിനം മുതല്‍ ഭാര്യ സൈബര്‍ ലോകത്താണെന്നായിരുന്നു നരേന്ദ്ര സിങിന്റെ ആരോപണം. ഭാര്യയുടെ ഈ സ്വഭാവത്തെ തുടര്‍ന്ന് ദാമ്പത്യ ജീവിതം ആസ്വദിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.
അര്‍ധരാത്രിയില്‍ പോലും യുവതി അവരുടെ ആണ് സുഹൃത്തുകളുമായി ചാറ്റിങ്ങും ഫോണ്‍ വിളിയുമാണ് എന്നാല്‍, അതേക്കുറിച്ച് ചോദിച്ചാല്‍ ഭാര്യ ദേഷ്യപ്പെടുകയാണെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. ഇയാളുടെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
എന്നാല്‍, ഭര്‍ത്താവിന്റെ എല്ലാ ആരോപണങ്ങളും ഭാര്യയുടെ അഭിഭാഷകന് നിഷേധിച്ചു. ഇതേതുടര്‍ന്ന് ഇരുവര്‍ക്കുമായി അടുത്ത മാസം കൗണ്‍സിലിങ് നല്കാന് കോടതി നിര്‍ദേശിച്ചു. വിവാഹ ശേഷം ഭര്‍തൃഗൃഹവുമായി പൊരുത്തപ്പെടാന്‍ നരേന്ദ്ര സിങ് ഭാര്യക്ക് ആവശ്യത്തിന് സമയം നല്‍കിയിരുന്നു. എന്നാല്‍, അവള് ഭര്‍ത്താവിനൊപ്പം ചെലവിടുന്നതിനേക്കാള്‍ അധികം സമയം സമൂഹമാധ്യമങ്ങളിലാണ് ചിലവഴിക്കുന്നതെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കളും പറഞ്ഞു.
വിവാഹത്തിന് ശേഷം സ്ത്രീധനവും സ്വത്ത് തര്‍ക്കവും സംബന്ധിച്ചാണ് മുമ്പ് കേസുകള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍, ഇതാദ്യമായാണ് സമൂഹമാധ്യമങ്ങളുടെ ഉപയോഗം വിവാഹമോചനത്തിന് കാരണമാകുന്നതെന്ന് കൗണ്‍സിലര്‍ അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളുടെ അതിപ്രസരം വിവാഹ ജീവിതത്തിന് വലിയ ഭീഷണിയാണുയര്‍ത്തുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഹിമ കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു.