എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന് കട്ടോണ്ട് പോയേ… കേരളത്തില്‍ മാത്രമല്ല മലയാളം അറിയാത്തവര്‍ പോലും ഏറ്റുപിടിച്ച് സൂപ്പര്‍ഹിറ്റാക്കിയ പാട്ട്.. വൈറലായ ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം നൃത്തം ചെയ്തു പലരും താരങ്ങളുമായി. ജിമിക്കി കമ്മല്‍ തരംഗം മാറി മറ്റു വിഷയങ്ങളും സോഷ്യല്‍ മീഡിയകളില്‍ ഹിറ്റുമായി.
എന്നാലിപ്പോള്‍ വീണ്ടും ജിമിക്കല്‍ കമ്മല്‍ പാട്ട് വൈറലാകുകയാണ്.
ഏറ്റവുമൊടുവിലായി തെന്നിന്ത്യയുടെ താരസുന്ദരി ജ്യോതികയാണ് ജിമിക്കി കമ്മല്‍ ഡാന്‍സുമായി എത്തിയിരിക്കുന്നത്.
ബോളിവുഡ് നടി വിദ്യാബാലന് ചിത്രം തുമാരി സുലുവിന്റെ തമിഴ് പതിപ്പായ കാട്രിന്‍ മൊഴിയിലാണ് ജ്യോതിക ജിമിക്കി കമ്മലുമായി എത്തുന്നത്. തുമാരി സുലുവില്‍ ശ്രീദേവിയുടെ ഹവായി ഹവായ് എന്ന ഗാനത്തിനായിരുന്നു വിദ്യാബാലന് ചുവടുവച്ചത്. അതേ രംഗത്തിന്റെ ചിത്രീകരണത്തിലാണ് ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ജ്യോതിക ഡാന്‍സ് ചെയ്യുന്നത്.
ജ്യോതികയുടെ ജിമിക്കി കമ്മല്‍ ഡാന്‍സിന്റെ ചിത്രങ്ങള്‍ നവസാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ് മലയാളം ഗാനം എന്ന നിലയിലാണ് സിനിമയില്‍ ജിമിക്കി കമ്മല്‍ വരുന്നത്. ഗാനം റീമിക്സ് ചെയ്യാതെ തന്നെ ഉപയോഗിക്കും. അതിനുള്ള റൈറ്റ് സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായകന് രാധാ മോഹനാണ് ഈ പാട്ട് നിര്‍ദേശിച്ചതെന്നും കാട്രിന്‍ മൊഴിയുടെ നിര്‍മാതാവ് ധനഞ്ജയന് പറയുന്നു.
ചിത്രത്തില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. മൊഴി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജ്യോതികയും രാധാമോഹനും ഒന്നിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. ജിമിക്കി കമ്മല്‍ ഡാന്‍സില്‍ ജ്യോതികയ്ക്കൊപ്പം ലക്ഷ്മി മാന്ജുവും മലയാളികള്‍ക്ക് സുപരിചിതരായ സാന്ദ്രയും സിന്ധു ശ്യാമും എത്തുന്നുണ്ട്.
2017ലെത്തിയ മോഹന്‍ലാലിന്റെ വെളിപ്പാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ പാട്ടായിരുന്നു ജിമിക്കി കമ്മല്‍. യുട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാളം ഗാനമെന്ന ബഹുമതിയും ജിമിക്കി കമ്മലിന് സ്വന്തം. ചിത്രത്തിന്റെ കോപ്പി റൈറ്റ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനാണ് നല്‍കിയത്. പക്ഷെ, ഗാനം യൂടൂബില്‍ അപ്ലോഡ് ചെയ്തത് മറ്റൊരു സ്വകാര്യ കമ്പനിയായിരുന്നു. ഇവര്‍ക്കെതിരെ ചാനല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജിമിക്കി കമ്മല്‍ യുട്യൂബില്‍ നിന്നും മാറ്റിയിരുന്നു.