പനമരം: ഹോട്ടലുകളിലും വീടുകളിലും കയറുക, ഭക്ഷണം കിട്ടിയില്ലെങ്കില്‍ പാകംചെയ്ത് കഴിച്ച് മടങ്ങുക, കണ്ണില്ക്കണ്ടാല് ഉള്ള പണവും കൈക്കലാക്കുക, ഇങ്ങനെ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസിനെ വട്ടം കറക്കിയ ഭക്ഷണപ്രിയനായ കള്ളന് പനമരത്ത് പിടിയിലായി.
വെള്ളമുണ്ട കോക്കടവ് ഏഴേനാലിലെ കായലിങ്കല്‍ സുധീഷാണ് (സുര്‍ക്കന്‍- 29) പിടിയിലായത്. മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഇയാളെ റിമാന്‍ഡ് ചെയ്തു. ഭക്ഷണപ്രിയനായ സുധീഷ് എല്ലായിടത്തും കയറി ഭക്ഷണം മോഷ്ടിക്കുന്ന പ്രകൃതക്കാരനാണ്. പാകംചെയ്തു വെച്ച ഭക്ഷണമുണ്ടെങ്കില്‍ സന്തോഷം, അതെടുത്ത് കഴിക്കും.
ഇനി അങ്ങനെ നിര്‍ബന്ധവുമില്ല. സാധനങ്ങള്‍ കിട്ടിയാലും മതി, സ്വയം പാകം ചെയ്ത് കഴിച്ചോളും. കയറിക്കയറി എസ്ഐ ഉള്‍പ്പെടെയുള്ളവരുടെ വീട്ടില്‍ കയറിയ വമ്പന്‍ കള്ളനെ തിരഞ്ഞുനടപ്പായിരുന്നു ഏറെക്കാലമായി പോലീസ്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെസി. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഒടുക്കം ഇയാളെ കല്പറ്റയിലേക്കുള്ള യാത്രാമധ്യേ പനമരം വലിയ പാലത്തിന് സമീപത്തുനിന്ന് വ്യാഴാഴ്ച ബസ് തടഞ്ഞുനിര്‍ത്തി പിടികൂടിയത്.
വെള്ളമുണ്ട എട്ടേനാലിലെ മെസ്സില്‍ കയറിയ കള്ളന് മാസങ്ങള്‍ക്ക് മുമ്പ് കഞ്ഞിവെച്ച് കുടിച്ച് കുളിയും കഴിഞ്ഞാണ് മടങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞശേഷം മാനന്തവാടിയിലെ മാതാ ഹോട്ടലില്‍ കയറി ചപ്പാത്തിയും അയലക്കറിയും മുട്ട പുഴുങ്ങിയതും പൊതിഞ്ഞെടുത്ത് മടങ്ങി. നിര്‍ധനര്‍ക്ക് ഭക്ഷണം കണ്ടെത്തുന്നതിനായി മാനന്തവാടി എം.ജി.എം. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ സ്ഥാപിച്ച സംഭാവനപ്പെട്ടിയും പോവുമ്പോള്‍ കൈക്കലാക്കി. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന സെക്രട്ടറികൂടിയായ പിആര്‍ ഉണ്ണിക്കൃഷ്ണന്റെ ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് കള്ളന്റെ കഞ്ഞികുടി മുട്ടാന്‍ വകയൊരുങ്ങിയത്. മാനന്തവാടിയില്‍ മോഷണം നടത്തിയത് സുധീഷാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും വെള്ളമുണ്ടയിലെ മെസ്സില്‍ കയറിയത് ഇയാളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മോഷണം പതിവാക്കിയ സുധീഷ് ഇതു കൊണ്ടൊന്നും നിര്‍ത്തിയില്ല. കഴിഞ്ഞ 26- ന് പുലര്‍ച്ചെ പനമരം അഡീഷണല്‍ എസ്ഐ ഇവി മത്തായിയുടെ കാപ്പുഞ്ചാലിലെ വീട്ടിലും കയറി. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. രാവിലെ എട്ടരയ്ക്ക് വീട്ടിലെത്തിയ മത്തായിയാണ് വാതില്‍ തുറന്നിട്ടിരിക്കുന്നത് കണ്ടത്.
അന്ന് സുധീഷിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇയാളെപ്പറ്റിയുള്ള വ്യക്തമായ സൂചന ലഭിച്ചതായും ഏറെ താമസിയാതെ പിടികൂടുമെന്നും എഎസ്ഐ കെസി സുരേന്ദ്രന് പറഞ്ഞു. അഞ്ചുകുന്ന് ഡോക്ടര്പടിയിലുള്ള ഒരു ഗള്‍ഫുകാരന്റെ വീട്ടില്‍ കയറി സുധീഷ് മുട്ട ഓംലറ്റും മറ്റും ഉണ്ടാക്കി കഴിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
മുട്ട മാത്രമല്ല, അഞ്ചുകുന്നിലെ കോഴിക്കടയില്‍നിന്ന് കോഴികളെ കവരാനും ശ്രമമുണ്ടായെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ പനമരം, പടിഞ്ഞാറത്തറ, കല്പറ്റ, വൈത്തിരി, വെള്ളമുണ്ട സ്റ്റേഷനുകള്‍ക്ക് പുറമെ എറണാകുളം, ആലുവ സ്റ്റേഷനുകളിലും സുധീഷിനുനേരേ മോഷണത്തിന് കേസുണ്ട്. സുധീഷിനെ പിടികൂടിയ സംഘത്തില്‍ എഎസ്ഐ പിഡി റോയിച്ചന്, സിവില്‍ പോലീസ് ഓഫീസര്‍ എംവി ബിനോയി എന്നിവരും ഉണ്ടായിരുന്നു.