തിരുവനന്തപുരം: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ നിലപാടില്‍ നിരാശ രേഖപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ കര്‍ണാടകയുമായുള്ള സമവായ ചര്‍ച്ചാ സാധ്യതകള്‍ പരിശോധിക്കുമെന്നും കേരളത്തിന്റെ പ്രതീക്ഷകള്‍ സുപ്രീം കോടതിയിലാണെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു.
ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കാട്ടിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം പ്രായോഗികമല്ലെന്നും രാത്രിയാത്രാ നിരോധനം തുടരുമെന്ന തീരുമാനം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അറിയിച്ചു.
ബന്ദിപ്പുര്‍ വനത്തിലൂടെയുള്ള റോഡിന്റെ വീതി കൂട്ടുന്നതിന് സഹകരിക്കുക, ദേശീയപാത 212-ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ കര്‍ണാടകയ്ക്ക് കത്തയച്ചിരുന്നു. ഇത് തള്ളിയാണ് കുമാരസ്വാമിയുടെ നിലപാട്.
ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്നും നിരോധനം നീക്കാനാകില്ലെന്നും ദേശീയ കടുവ സംരക്ഷണ അഥോറിറ്റി കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
രാത്രിയാത്രാ നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് കടുവാ സംരക്ഷണ അഥോറിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബന്ദിപ്പുര്‍ വന്യമൃഗസംരക്ഷണ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഒന്‍പതിനും രാവിലെ ആറിനുമിടയിലാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്.