ന്യൂഡല്‍ഹി: ആസാം പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ലോക്സഭയില്‍ ബഹളം നടക്കവേ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പൗരത്വ രജിസ്റ്റര്‍ സുതാര്യമാണെന്നും ഇതില്‍ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.
1985ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പൗരത്വ പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം വന്നതെന്നും പിന്നീട് മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്താണ് പട്ടിക പുതുക്കാന്‍ നിശ്ചയിച്ചതെന്നും പ്രതിഷേധിക്കുന്നവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച എല്ലാ നടപടികളും സുതാര്യമാണെന്നും രജിസ്റ്ററില്‍ ഇല്ലാത്തവര്‍ക്കെതിരെ ബലപ്രയോഗം ഉണ്ടാകില്ലെന്നും രാജ്നാഥ് വ്യക്തമാക്കി. പട്ടിക സംബന്ധിച്ച് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തീര്‍ത്തും അപലപനീയമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ തൃണമൂല്‍ എംപിമാര്‍ പ്രതിഷേധവുമായെത്തിയതിനേത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചിരുന്നു.