കര്‍നാല്‍: കാറില്‍ സഞ്ചരിക്കവെ തടഞ്ഞു നിര്‍ത്തി മുഖംമൂടി ധരിച്ചെത്തിയ മൂവര്‍ സംഘം ഡോക്ടറെ വെടിവെച്ച് കൊന്നു. ഹരിയാനയിലാണ് സംഭവം. അമ്പത്തിയാറുകാരനായ കര്‍നാല്‍ സ്വദേശി രാജീവ് ഗുപ്തയാണ് കൊല്ലപ്പെട്ടത്.
കര്‍നാല്‍ അമൃതധാര ആശുപത്രിയുടെ ഉടമയാണ് രാജീവ് ഗുപ്ത. ഇയാള്‍ ഡ്രൈവറോടൊപ്പം കാറില്‍ സഞ്ചരിക്കവെ മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂവര്‍ സംഘം തടഞ്ഞുനിര്‍ത്തി മൂന്നുതവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ രണ്ടെണ്ണം ഡോക്ടറുടെ ശരീരത്തില്‍ തുളഞ്ഞുകയറി.
ഗുരുതരമായി പരിക്കേറ്റ രാജീവ് ഗുപ്തയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്ന് ഡിജിപി വ്യക്തമാക്കി.