ചെന്നൈ: മകളെ തട്ടിക്കൊണ്ടു പോയെന്ന മുന്‍ ഭര്‍ത്താവിന്റെ പരാതിയില്‍ നടി വനിത വിജയകുമാറിനെ പോലീസ് ചോദ്യം ചെയ്തു. രണ്ട് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ എത്തിയാണ് താരത്തെ തെലുങ്കാന പോലീസ് ചോദ്യം ചെയ്തത്.
ഇവിപി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദരാജാണ് താരത്തിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം പരാതി നല്‍കിയത്. തന്റെ പക്കല്‍നിന്ന് മകളെ വനിത ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് തിരിച്ചയച്ചില്ലെന്നും ആനന്ദരാജ് ആരോപിക്കുന്നു.
മകളെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ആനന്ദരാജ് നല്‍കിയിരുന്നു. വനിതയുടെ വീട്ടിലെത്തിയ തമിഴ്നാട് പോലീസ് മകളുടെ മൊഴിയെടുത്തു. 2007 ലാണ് ആനന്ദരാജും വനിതയും വിവാഹിതരാകുന്നത്. 2010 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു.