കോന്നി: പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയയാള്‍ എസ്ഐയെയും പോലീസുകാരെയും മര്‍ദിച്ചു. പത്തനംതിട്ടയിലെ കോന്നിയിലാണ് സംഭവം. എസ് ഐ കിരണ്‍, എഎസ് ഐ മധുസൂദനന്, സിപിഒമാരായ മനു, ഷാജഹാന് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വയക്കര തലത്താഴം വീട്ടില്‍ സോമശേഖരന്‍ നായരെ(56) പോലീസ് അറസ്റ്റ് ചെയ്തു.
പരിക്കേറ്റവര്‍ കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. തന്റെ വീടിന് നേരെ ആരോ കല്ലെറിഞ്ഞെന്ന പരാതി നല്‍കാനാണ് സോമശേഖരന്‍ പോലീസ് സ്റ്റേഷനിലെത്തിയത്. എസ് ഐയുടെ മുറിയില്‍ ചെന്നപ്പോള്‍ പുറത്ത് കാത്തുനില്ക്കാന് പറഞ്ഞു. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ സോമശേഖരന്‍ എസ്ഐയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടിയ ഷാജഹാനെയും ഇയാള്‍ മര്‍ദിച്ചു. പിന്നീട്
എഎസ് ഐ മധുസൂദനന്, മനു എന്നിവര്‍ ചേര്‍ന്നാണ് സോമശേഖരനെ കീഴടക്കി ലോക്കപ്പിലടച്ചത്. ഇയാളുടെ ബൈക്കില്‍ നിന്ന് കത്തി കണ്ടെത്തിയതായി പോലീസുകാര്‍ പറഞ്ഞു. സോമശേഖരന്റെ പേരില്‍ ഒമ്പതോളം കേസുകള്‍ നിലവില്‍ ഉണ്ട്. സ്ഥിരമായി ഉപദ്രവിക്കാറുള്ളത് കാരണം ഇയാളുടെ ഭാര്യ പേടിച്ച് ഒളിവില്‍ കഴിയുകയാണെന്നും പോലീസ് പറയുന്നു.