കംപോഡിയ: വീട്ടില്‍ വളര്‍ത്തിയ മുതലകള്‍ രണ്ടു വയസ്സുകാരിയെ കടിച്ചുകീറി കൊന്നു. റിസോര്‍ട്ടുകള്‍ക്ക് ഏറെ പ്രസിദ്ധമായ കംപോഡിയയിലെ സീയെം റീപ്പിലാണ് സംഭവം. റോം റോത്ത് നീറി എന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വീടിനോട് ചേര്‍ന്ന് പുതിയതായി നിര്‍മ്മിച്ച കൂടിനുള്ളില്‍ പന്ത്രണ്ടിലധികം മുതലകളാണുള്ളത്.
വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ഈ പ്രദേശത്ത് നിരവധി റിസോര്‍ട്ടുകളാണുള്ളത്. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാനും ഇറച്ചിക്കുമാണ് റോം റോത്തിന്റെ വീട്ടില്‍ മുതലകളെ വളര്‍ത്തുന്നത്. വീടിനോട് ചേര്‍ന്ന് പുതിയതായി നിര്‍മ്മിച്ച കൂടിനുള്ളില്‍ പന്ത്രണ്ടിലധികം മുതലകളാണുള്ളത്. ഇളയ കുട്ടിയെ പരിചരിക്കുന്നതിനിടെ അമ്മയുടെ കണ്ണ് തെറ്റിയപ്പോഴാണ് റോം റോത്ത് നീറി മുതലക്കൂടിനടുത്തേക്ക് പോയത്.
രാവിലെ പത്ത് മണിയോടെയാണ് മകളെ കാണാതായതെന്ന് അമ്മ പറയുന്നു. കുഞ്ഞിനായി കുറെ തിരഞ്ഞെങ്കിലും എവിടെയും കണ്ടില്ല. തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള മുതലക്കൂട്ടില്‍ മകളുടെ വസ്ത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുട്ടി കൂട്ടിലകപ്പെട്ടതായി പിതാവിന് മനസ്സിലായത്. ഉടന്‍ തന്നെ ജീവന് പണയം വച്ച് പിതാവ് മുതലക്കൂട്ടില്‍ ഇറങ്ങി മകള്‍ക്കായി തിരയുകയായിരുന്നു.
എന്നാല്‍ രണ്ടുവയസുകാരിയെ ആ പിതാവിന് ജീവനോടെ കിട്ടിയില്ല. കുട്ടിയുടെ ശരീരത്തിന്റെ ഏതാനും ഭാഗങ്ങളും തലയുമാണ് മുതലക്കൂട്ടില്‍ നിന്ന് കണ്ടെത്തിയത്. പുതിയ കൂടിന് വേലി കെട്ടിയിരുന്നുവെന്നും കുട്ടി എങ്ങനെയാണ് ഉള്ളില്‍ കടന്നതെന്ന് അറിയില്ലെന്നും പിതാവ് പോലീസിനോട് പറഞ്ഞു.