കോഴിക്കോട്: ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഇടംപിടിച്ച പ്രമുഖ ഗായകന് ഉമ്പായി (പിഎ ഇബ്രാഹിം) യെ ഗസല്‍ ചക്രവര്‍ത്തിയാക്കിയത് സ്വന്തം മക്കളാണ്.
മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായി കള്ളക്കടത്ത് തൊഴിലായി കൊണ്ടു നടന്ന ഉമ്പായി. ഒരിക്കല്‍ മൂത്തമകള്‍ ശൈലജ ചോദിച്ച ഒരു ചോദ്യമാണ് ഉമ്പായിയുടെ ജീവിതം മാറ്റിമറിച്ചത്. 16 വര്‍ഷത്തോളം തന്റെ ജീവിതം താന്‍ പാഴാക്കി കഴിഞ്ഞു എന്നാണ് ജീവിതത്തെക്കുറിച്ച് ഉമ്പായി ഒരിക്കല്‍ പറഞ്ഞത്.
മകള്‍ ശൈലജ ചോദിച്ച ഒരു ചോദ്യമാണ് പിന്നിലോട്ട് ചിന്തിക്കാന്‍ ഉമ്പായിയെ പ്രേരിപ്പിച്ചത്. ‘ബാപ്പ ഇന്ന് സ്കൂളിന് മുന്നിലൂടെ ആടി ആടി പോയോ’ എന്നായിരുന്നു മകളുടെ ചോദ്യം. അതു ചോദിച്ച് കൂട്ടുകാരികള്‍ തന്നെ കളിയാക്കിയെന്ന് പറഞ്ഞ് തന്റെ മകള്‍ കരഞ്ഞപ്പോള്‍, ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കാതിരിക്കാന്‍ ഉമ്പായിക്കുള്ളിലെ സ്നേഹനിധിയായ അച്ഛന് കഴിഞ്ഞിരുന്നില്ല.
മക്കള്‍ തന്നെയാണ് തന്റെ ജീവിതത്തിലെ വഴിവിളക്കുകളെന്നും അദ്ദേഹം ഗസല്‍വേദികളില്‍ പറഞ്ഞിരുന്നു.