ഗാസിയാബാദ്: കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുന്നതിനായി ഗോള്‍ഡന്‍ ബാബ പതിവുതെറ്റിക്കാതെ എത്തി. 25-ാം തവണയാണ് ഗോള്‍ഡന്‍ ബാബ യാത്രയില്‍ പങ്കെടുക്കുന്നത്. ഹരിദ്വാര്‍, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള ശിവഭക്ത തീര്‍ത്ഥാടകരുടെ ഘോഷയാത്രയാണ് കന്‍വാര്‍ യാത്ര.
ഇത്തവണ 20 കിലോ സ്വര്‍ണം ധരിച്ചാണ് ബാബ എത്തിയത്. ഇന്നത്തെ വിപണി വിലയില്‍ ഏകദേശം ആറു കോടിയോളം വിലവരും. ഓരോ വര്‍ഷവും യാത്രയില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ ഗോള്‍ഡന്‍ ബാബയുടെ സ്വര്‍ണത്തിലും വര്‍ധനവ് ഉണ്ടാകാറുണ്ട്. 2016 ല്‍ 12 കിലോ സ്വര്‍ണമായിരുന്നു ഗോള്‍ഡന്‍ ബാബ അണിഞ്ഞെത്തിയത്.
2017 ല്‍ 14.5 കിലോ സ്വര്‍ണമായിരുന്നു ബാബയുടെ ദേഹത്ത് ഉണ്ടായിരുന്നത്. ഇതില്‍ 21 സ്വര്‍ണ മാലകളും 21 ലോക്കറ്റുകളും ഉണ്ടായിരുന്നു. ചിലപ്പോള്‍ ഗോള്‍ഡന്‍ ജാക്കറ്റും ധരിച്ചാണ് ബാബ എത്താറുളളത്.
സുധീര്‍ കുമാര്‍ മക്കഡ് എന്നാണ് ബാബയുടെ യഥാര്‍ത്ഥ പേര്. ഗോള്‍ഡന്‍ ബാബ എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്വര്‍ണത്തോടുളള ഭ്രമംമൂലം അദ്ദേഹം സ്വയം ബാബയ്ക്കു മുന്നില്‍ ഗോള്‍ഡന്‍ എന്നു കൂടി ചേര്‍ക്കുകയായിരുന്നു. സ്വര്‍ണം തന്റെ ബലഹീനതയാണെന്നും അതില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നുമാണ് ബാബ പറയുന്നത്.
ഇത്തവണത്തെ യാത്രയില്‍ സ്വര്‍ണത്തിനു പുറമേ 27 ലക്ഷം വിലയുളള റോളക്സ് വാച്ചും ബാബയുടെ കൈയ്യിലുണ്ട്. ഒരു ബിഎംഡബ്ല്യു, മൂന്നു ഫോര്‍ചുണേഴ്സ്, രണ്ടു ഓഡി, രണ്ടു ഇന്നോവ കാറുകളും ബാബയുടെ യാത്രാ സംഘത്തിനൊപ്പമുണ്ട്.
സ്വര്‍ണത്തോടും കാറുകളോടുമുളള എന്റെ ഇഷ്ടം ഒരിക്കലും അവസാനിക്കില്ല. 1972-73 കാലത്ത് 10 ഗ്രാമിന് 200 രൂപ വിലയുളളപ്പോഴാണ് ഞാന്‍ സ്വര്‍ണമിടാന്‍ തുടങ്ങിയത്. പിന്നീട് പതുക്കെ പതുക്കെ സ്വര്‍ണം കൂടാന്‍ തുടങ്ങി.
എന്റെ മരണം വരെ ഞാന്‍ സ്വര്‍ണം ധരിക്കും. ഞാന്‍ മരിക്കുന്ന സമയത്ത് എനിക്ക് ഇഷ്ടപ്പെട്ട അനുനായിക്ക് അവയെല്ലാം നല്‍കും, ബാബ പറയുന്നു.