ബാങ്കോക്ക്: തായ്ലന്ഡിലെ മൃഗശാലയില്‍ ട്രെയിനറെ ചീങ്കണ്ണി ആക്രമിച്ചു. ചിയാങ് റായിലെ പ്രശസ്തമായ ഫൊക്കതാര ചീങ്കണ്ണി ഫാമില്‍ ലൈവ് ഷോ നടക്കുന്നതിനിടെയായിരുന്നു സംഭവം. മൃഗശാലയിലെ ചീങ്കണികളും ട്രെയിനറും തമ്മിലുളള ഷോ പ്രശസ്തമാണ്. ഇതു കാണാനായി ദിനം പ്രതി നിരവധി പേര് ഇവിടെ എത്താറുണ്ട്.
ചീങ്കണ്ണിയുടെ വായില്‍ തലയിട്ടും കൈയിട്ടുമാണ് ട്രെയിനറുടെ അഭ്യാസ പ്രകടനം. ഇത്തരത്തില്‍ ഒരു ലൈവ് ഷോ നടക്കുന്നതിനിടെയാണ് ചീങ്കണ്ണി ട്രെയിനറെ ആക്രമിച്ചത്. ഷോ കാണാനെത്തിയ ഒരാള്‍ സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഷോയ്ക്കിടയില്‍ ഒരു ചീങ്കണ്ണിയുടെ വായ്ക്കകത്ത് ട്രെയിനര്‍ തന്റെ കൈയ്യിട്ടു. ട്രെയിനര്‍ കൈ കൂടുതല്‍ ഉളളിലേക്ക് കടത്തിയതോടെ ചീങ്കണ്ണി ട്രെയിനറുടെ കൈ കടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ട്രെയിനര്‍ രക്ഷപ്പെട്ടത്.
അതേസമയം, ട്രെയിനറുടെ പരുക്ക് ഗുരുതരമല്ലെന്നും അദ്ദേഹം ചികില്‍സയിലാണെന്നും മൃഗശാലയുടെ ഉടമ പറഞ്ഞതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചീങ്കണ്ണികളെ ട്രെയിനര്‍ക്ക് വളരെ ഇഷ്ടമാണ്. രണ്ടു മൂന്നു ആഴ്ചയ്ക്കുളളില്‍ അദ്ദേഹം തിരികെ എത്തും. ഇത്തരം അപകടങ്ങള്‍ വളരെ അപൂര്‍വ്വമായിട്ടാണ് സംഭവിക്കാറുളളതെന്നും ഉടമ വ്യക്തമാക്കി.