ന്യൂഡല്‍ഹി: താജ്മഹല്‍ ചതുഷ്കോണ മേഖലയുടെ (ടിടിഇസഡ്) പരിപാലനത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയ സെക്രട്ടറിക്കും ആഗ്ര ഡിവിഷന് കമീഷണര്ക്കുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. താജ്മഹലിന്റെ സംരക്ഷണ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്ന് ജസ്റ്റിസ് മദന്‍ ബി ലോകുറും ദീപക് ഗുപ്തയും അംഗങ്ങളായ ബെഞ്ച് ജൂലൈ 26 വ്യക്തമാക്കിയിരുന്നു.
കേന്ദ്ര, ഉത്തര്‍പ്രദേശ് സര്‍ക്കാറുകളുടെ ഏത് വകുപ്പുകള്‍ക്കാണ് താജ് മേഖലയുടെ പരിപാലന, സംരക്ഷണ ചുമതലയെന്ന് അറിയിക്കാനും കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി അന്ന് ആവശ്യപ്പെട്ടിരുന്നു. താജിലെ ശവകുടീരത്തിന്റെ പരിപാലന ഉത്തരവാദിത്വം തങ്ങളുടെ ഡയറക്ടര്‍ ജനറലിനാണെന്ന് ആര്‍ക്കിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും (എ.എസ്.െഎ) കോടതിയെ അറിയിച്ചു. താജ്മഹലിനെക്കുറിച്ചുള്ള ഒരു പദ്ധതി 2013ല്‍തന്നെ യുനെസ്കോക്ക് തങ്ങള്‍ സമര്‍പ്പിച്ചിരുന്നതായും എ.എസ്.െഎ അറിയിച്ചു.
അഞ്ചുവര്‍ഷം മുമ്പ് നല്കിയ ഈ പദ്ധതി കാരണമാവും യുനെസ്കോ പോലുള്ള സംഘടന താജ്മഹലിന്റെ സ്ഥിതിയില്‍ ആശങ്കപ്രകടിപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. യുനെസ്കോയുടെ ആശങ്കയെക്കാള്‍ വലുതാണ് നമ്മുടേതെന്ന് ബെഞ്ച് പറഞ്ഞു. താജ്മഹലിന്റെ ലോക പൈതൃക പദവി യുനെസ്കോ പിന്‍വലിച്ചാല്‍ ഭവിഷ്യത്ത് എന്തായിരിക്കുമെന്നും കോടതി ചോദിച്ചു.
താജ്മഹല്‍ സംരക്ഷണത്തിനുള്ള കരട് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാത്തതിന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ശവകുടീരത്തിന്റെ സംരക്ഷണത്തിന് ചുമതലപ്പെട്ട എ.എസ്.െഎയുമായി അതിനായി ചര്‍ച്ചപോലും നടത്താത്തതില്‍ അതിശയം പ്രകടിപ്പിച്ചു.