പെരുമ്പാവൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി കഴുത്തറത്ത് കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് പെരുമ്പാവൂര്‍ സ്വദേശികള്‍. മാറംമ്പിള്ളി എംഇഎസ് കോളേജ് വിദ്യാര്‍ത്ഥിയും എംഇഎസ് നോര്‍ത്ത് അമ്പുനാട് അന്തിനാട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ (22) യെയാണ് ക്രൂരമായി കൊല ചെയ്തത്. രാവിലെ 10ന് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വച്ചാണ് സംഭവം. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
വിദ്യാര്‍ത്ഥിയുടെ വീടിന് സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി വീട്ടില്‍ കയറി വിദ്യാര്‍ത്ഥിയെ കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. വീട്ടില്‍ നിന്നു തന്നെയാണ് ആയുധം എടുത്തത്. ശബ്ദം കേട്ട് നിമിഷയുടെ പിതാവിന്റെ സഹോദരന് ഏലിയാസും അയല്‍വാസിയായ അബ്ബാസ് എന്നയാളും തടയാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ കത്തി കൊണ്ട് കുത്തി. വലിയച്ചന് കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
രണ്ടുവര്‍ഷം മുമ്പ് നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ മായുന്നതിന് മുമ്പേയാണ് പെരുമ്പാവൂരിനെ ഞെട്ടിച്ച് സമാനരീതിയിലുള്ള മറ്റൊരു കൊലപാതകവും സംഭവിച്ചത്. ഇത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്നിടമായ പെരുമ്പാവൂരിനെ ആശങ്കയിലാക്കുന്നതാണ്.
2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ത്ഥിനി പെരുമ്പാവൂരിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ആദ്യദിവസങ്ങളില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ഈ കൊലപാതകം പിന്നീട് മാധ്യമങ്ങളും നവമാധ്യമങ്ങളും ഏറ്റെടുത്തതോടെ രാജ്യമാകെ ചര്‍ച്ചാവിഷയമായി.
പ്രതിയെ കണ്ടെത്താന്‍ വൈകുന്നതില്‍ പോലീസിനെതിരെയും വിമര്‍ശനമുയര്‍ന്നു. ഒടുവില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്തക്കറയിലെയും വസ്ത്രത്തിലെയും ഡിഎന്‍എ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. 2016 ജൂണ്‍ 14ന് കേസിലെ പ്രതി അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിനെ കേരളതമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ പ്രതിക്ക് വധശിക്ഷയും വിധിച്ചു.
വാഴക്കുളം എംഇഎസ് കോളേജ് വിദ്യാര്‍ത്ഥി നിമിഷയാണ് വീട്ടില്‍ കൊല്ലപ്പെട്ടത്. പ്രതിസ്ഥാനത്ത് മറുനാടന്‍ തൊഴിലാളിയും. അക്രമത്തില്‍ നിമിഷയുടെ പിതാവിനും പരിക്കേറ്റു. നിരവധി പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂരില്‍ ഒട്ടേറെ മറുനാടന്‍ തൊഴിലാളികളാണ് സ്ഥിരതാമസക്കാരായുള്ളത്. ഇവര്‍ക്കിടയില്‍ ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവരും ഏറെയുണ്ടെന്നതാണ് വസ്തുത.