ചെന്നൈ: ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആദ്യ ചിത്രം പുറത്ത്. കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കരുണാനിധിയുടെ ചിത്രം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തുവിട്ടത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തമിഴ്നാട് ഗവര്‍ണര്‍ ബെന്‍വാരിലാല്‍ പുരോഹിത്, കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്, മകളും രാജ്യസഭ എംപിയുമായ കനിമൊഴി എന്നിവരും ചിത്രത്തില്‍ ഉണ്ട്.
കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. കരുണാനിധിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചശേഷം വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു.
ആരോഗ്യസ്ഥിതി ഗുരുതരമായതോടെ ഗോപാലപുരത്തെ വീട്ടില്‍നിന്നും ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലേക്ക് കരുണാനിധിയെ മാറ്റുകയായിരുന്നു. അദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇപ്പോള്‍ രക്തസമ്മര്‍ദം സാധാരണ നിലയിലായെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.
ഡിഎംകെ പ്രസിഡന്റായതിന്റെ 50-ാം വാര്‍ഷിക പരിപാടികള്‍ക്കിടെ ആണ് കരുണാനിധിയുടെ ആരോഗ്യനില മോശമായത്. ആശുപത്രിയിലെ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന്റെ വസതിയില്‍ ഒരുക്കിയായിരുന്നു ചികിത്സ. മൂത്രാശയത്തിലെ അണുബാധയെ തുടര്‍ന്ന് പനിയുണ്ടായതായും ഇതിനുളള ചികിത്സയിലാണ് കരുണാനിധിയെന്നുമാണ് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കിയത്.
ചലനശേഷിയും സംസാരശേഷിയും കുറഞ്ഞതോടെ 94കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഒന്നര വര്‍ഷമായി അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നു.