പയ്യന്നൂര്‍: സ്വകാര്യ ബസുകാരെക്കുറിച്ച് പരാതികള്‍ ഇല്ലാത്ത ദിവസങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ പഴികള്‍ക്കിടയിലും അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരന്റെ ജീവന് രക്ഷിക്കാന്‍ ആംബുലന്‍സും മാറും സ്വകാര്യ ബസുകാര്. എന്നാല്‍ ഇതുപോലെ പ്രൈവറ്റ് ബസുകാര് ചെയ്ത നല്ല പ്രവര്‍ത്തികള്‍ അധികമാരും അറിയപ്പെടാതെ പോകുകയാണ് പതിവ്.
കോഴിക്കോട് പയ്യന്നൂര്‍ റൂട്ടിലോടുന്ന ജാനവി എന്ന പ്രൈവറ്റ് ബസിലായിരുന്നു സംഭവം നടന്നത്. സമയം രാത്രി 8.50. കനത്ത മഴയും. കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്നു ‘ജാനവി’ ബസ്. യാത്രയ്ക്കിടയില്‍ കണ്ണൂരിനും തളിപ്പറമ്പിനുമിടയില്‍ ധര്‍മ്മശാലയ്ക്കടുത്ത് വെച്ച് ബസിലെ യാത്രക്കാരന് ചപ്പാരപ്പടവ് സ്വദേശി ജോസഫ് തുടര്‍ച്ചയായി ചര്‍ദ്ദിക്കുന്നുണ്ടായിരുന്നു. ഇത് അറിഞ്ഞയുടന്‍ സഹയാത്രികരിലൊരാള്‍ ഈ കാര്യം കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ കണ്ടക്ടര്‍ സുനില്‍ ഉടന്‍ തന്നെ ഡ്രൈവര്‍ ഗോപന്റെ അടുത്തു ചെന്ന് കാര്യം അറിയിച്ചു. ഒപ്പം തന്നെ മറ്റു യാത്രക്കാരോടും വിവരം ധരിപ്പിച്ചു. എല്ലാവരും തളിപ്പറമ്പിലെ ലൂര്‍ദ്ദ് ഹോസ്പിറ്റലിലേക്ക് ബസ്സ് എത്തിക്കാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്കി.
പോകുന്ന വഴിയില്‍ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരെല്ലാം വാശിപിടിക്കാതെ രോഗിയ്ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് കൂടെ നിന്നത് എടുത്തു പറയേണ്ട കാര്യമാണ്. തകര്‍ന്നു തുടങ്ങിയ ദേശീയപാതയും മഴയും വേഗതയിലുള്ള യാത്രയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും സുരക്ഷിതമായിത്തന്നെ കുറഞ്ഞ സമയം കൊണ്ട് ആശുപത്രിയില്‍ എത്താനായത് ബസ് ജീവനക്കാരുടെ അവസരോചിതമായ മനസ്സാന്നിധ്യം കൊണ്ടു മാത്രമാണ്.
യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്തശേഷം ബസ് യാത്രക്കാരുമായി തിരികെ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലേക്ക് വരികയും അവിടെ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരെ ഇറക്കിയ ശേഷം വീണ്ടും പയ്യന്നൂരിലേക്ക് യാത്ര തുടരുകയും ചെയ്തു.
ഒരു ജീവന് രക്ഷിക്കാന്‍ കൈ-മെയ് മറന്നു പ്രവര്‍ത്തിച്ച ജാനവി ബസ്സിലെ കണ്ടക്ടര്‍ സുനില്‍ പുളുക്കനാട്ട്, ഡ്രൈവര്‍ ഗോപന് കരുവഞ്ചാല്‍, പിന്നെ ഒന്നിച്ചു നിന്ന യാത്രക്കാര്‍ എന്നിവരും മനുഷ്യത്വം എന്തെന്ന് സമൂഹത്തിനു കാണിച്ചുകൊടുത്ത് മാതൃകയാവുകയായിരുന്നു.
പൊതുവെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാര്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങാവുന്നതും വയ്യാത്തവരെ ഒരു ആംബുലന്‍സ് എന്ന പോലെ ആശുപത്രിയില്‍ എത്തിച്ച് ജീവന് രക്ഷിച്ച സംഭവങ്ങളും നിരവധിയാണ്.
എന്നാല്‍ ചിലര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് മുഴുവന്‍ ജീവനക്കാരെയും കുറ്റപ്പെടുത്തുന്ന സമൂഹത്തിന്റെ സ്വഭാവഗുണങ്ങളുടെ ഇരകളില്‍ ഒരു വിഭാഗമാണ് സ്വകാര്യ ബസ് ജീവനക്കാരും.