ദുബായ്: പെണ്‍സുഹൃത്തിനെ ഒറ്റ അടിയില്‍ കൊലപ്പെടുത്തിയ കേസില്‍ ലെബനീസ് പൗരന് ദുബായിയില്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ക്കകമാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ പ്രകോപിതനായ യുവാവ് യുവതിയെ മുഖം നോക്കി തല്ലുകയായിരുന്നു. മൂക്കില്‍ നിന്നും രക്തംവാര്‍ന്ന് യുവതി തല്‍ക്ഷണം മരിച്ചു. കൊലപ്പെടുത്താന്‍ തീരുമാനിച്ചതല്ലെന്നും, മദ്യലഹരിയില്‍ സംഭവിച്ചു പോയതാണെന്നും യുവാവ് കുറ്റസമ്മതം നടത്തി.
ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ലഫ്. കേണല്‍. ഫൈസല്‍ ഇസാ അല്‍ ഖാസിം പറഞ്ഞു. യുവതിയുമായി തര്‍ക്കം ഉണ്ടായിരുന്നു. എന്നാലത് അവരുടെ മരണത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അറസ്റ്റിലായ ആള് പറഞ്ഞു. മറ്റൊരു എമിറേറ്റില്‍ താമസിക്കുന്ന പ്രതി അവധി ആഘോഷിക്കാനാണ് ദുബായിലെ പെണ്‍സുഹൃത്തിന്റെ അപാര്‍ട്ട്മെന്റില്‍ എത്തിയത്. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. പ്രതിയായ ലെബനീസ് പൗരന് യുവതിയുടെ മുഖത്ത് ഇടിച്ചു.
മൂക്കിന് ഏറ്റ ശക്തമായ ഇടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും യുവതി മരിക്കുകയുമായിരുന്നു. യുവതി മരിച്ചുവെന്ന് മനസിലായ പ്രതി സംഭവ സ്ഥലം വൃത്തിയാക്കുകയും തിരികെ തന്റെ അപാര്‍ട്ട്മെന്റിലേക്ക് പോവുകയും ചെയ്തു. അടുത്ത ദിവസം യുവതി ഓഫിസില്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് അപാര്‍ട്ട്മെന്റില്‍ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. യുവതിയുടെ താമസസ്ഥലത്ത് എത്തിയപ്പോള്‍ അവിടുത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് രക്തം തളം കെട്ടി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ചുറ്റിലുമുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലും ആയിരുന്നു, ഇതേതുടര്‍ന്ന് പോലീസില്‍ വിവരം നല്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയടെ മരണവാര്‍ത്ത പുറംലോകം അറിയുന്നത്. യുവതിയും യുവാവും തമ്മില്‍ നേരത്തെയും ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. സമൂഹമാധ്യമത്തിലെ യുവതിയുടെ കുറിപ്പ് ഇത്തരത്തിലുള്ളതായിരുന്നുവെന്നാണ് പോലീസ് നിഗമനം.