ഹൈദരാബാദ്: ബാഡ്മിന്റണ്‍ താരം തന്നെയായ കശ്യപുമായുള്ള വിവാഹശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്മായി ഒരുക്കിയ സത്കാരത്തില്‍ ഇന്‍ഡിഗോ വെല്‍വെറ്റ് ലെഹങ്കയില്‍ തിളങ്ങി സൈന നേവാള്‍. സബ്യാസാച്ചിയാണ് സൈനയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. പേളും ക്രിസ്റ്റലും ഉപയോഗിച്ചുള്ള സര്‍ദോസി ഡിസൈനിലാണ് ഈ ലെഹങ്ക ഒരുക്കിയിരിക്കുന്നത്.
കശ്യപ് പ്രത്യക്ഷപ്പെട്ടത് സൈനയുടെ ചോളിക്ക് യോജിച്ച രീതിയില്‍ ഇന്‍ഡിഗോ ഷെര്‍വാണിയിലാണ്. വിവാഹ സത്കാരം ഹൈദരാബാദിലായിരുന്നു. ചടങ്ങില്‍ തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്തെ പ്രഗല്ഭരും പങ്കെടുത്തു.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം പങ്കാളിത്തത്തോടെ ഡിസംബര്‍ 14ന് വളരെ സ്വകാര്യമായി നടന്ന ചടങ്ങിലാണ് കശ്യപും സൈനയും ഒന്നിച്ചത്. തുടര്‍ന്ന് വിവാഹിതയായ കാര്യം ട്വിറ്ററിലൂടെ സൈന തന്നെ ആരാധകരുമായി പങ്കുവെയ്ക്കുകയായിരുന്നു. സൈന വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത് ഞാന്‍ കളിച്ചതില്‍ ഏറ്റവും മികച്ച മത്സരം എന്ന കുറിപ്പോടെയായിരുന്നു.
കശ്യപും സൈനയും കഴിഞ്ഞ പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു. 2005ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്. സഹതാരങ്ങളായ കെ ശ്രീകാന്ത്, സായ് പ്രണീത്, ഗുരുസായ്ദത്ത് എന്നിവര്‍ക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു. എന്നാല്‍ ഈ സൗഹൃദ വലയത്തിനപ്പുറം പോകാതെ പ്രണയം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു സൈനയും കശ്യപും.