ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയിലെത്താന്‍ 50 വര്‍ഷം വൈകിയെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. മുന്‍ സര്‍ക്കാരുകള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി റെയില്‍വേയെ ഉപയോഗിച്ചതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പദ്ധതികളാണ് നേരത്തെ റെയില്‍വേ പ്രഖ്യാപിച്ചത്. എന്നാല്‍ ഇവ നടപ്പാക്കാന്‍ ബജറ്റില്‍ തുക നീക്കിവച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഈ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി സ്ഥലം ഉറപ്പുവരുത്തുന്നുണ്ടെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മുന്‍ഗണനാ അടിസ്ഥാനത്തില്‍ ഇവ നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ട്രെയിനുകളില്‍ പ്രത്യേകം ശൗചാലയങ്ങള്‍ നിര്‍മിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്റ്റേഷനുകളിലെ വിശ്രമമുറികള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇന്ത്യയുടെ നിലവാരം ഉയര്‍ത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. ജപ്പാനില്‍നിന്നു 0.1 ശതമാനം പലിശയ്ക്ക് 1.80 ലക്ഷം കോടി രൂപ വായ്പ ലഭിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് രാജ്യത്ത് അതിവേഗ റെയില്‍പാത നിര്‍മിക്കുമെന്നും പിയൂഷ് ഗോയല്‍ ലോക്സഭയില്‍ പറഞ്ഞു.