അഞ്ചാലുംമൂട്: പോലീസ് സ്റ്റേഷനില്‍ നിന്നും ചക്കയിടാന്‍ 101ലേക്ക് വിളിയെത്തി, ഉടന്‍ തന്നെ അഗ്നിശമനസേനയെത്തി ചക്ക അടര്‍ത്തി. കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന് വളപ്പിലെ പ്ലാവിലെ ചക്കയാണ് അഗ്നിശമനസേനയുടെ സഹായത്തോടെ അടര്ത്തിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
പോലീസ് സ്റ്റേഷനു മുന്നിലെ പ്ലാവിലെ ചക്ക റോഡിലേക്ക് അടര്‍ന്നു വീണു തുടങ്ങിയിരുന്നു. ഇത് അപകടകരമാണെന്നു കണ്ടാണു ചക്കയിടാന്‍ അഗ്നിശമനസേനയുടെ സഹായം തേടിയത്. പ്ലാവ് നിലകൊള്ളുന്നതു റോഡുവശത്തെ വൈദ്യുതി ലൈനിനോടു ചേര്‍ന്ന ഭാഗത്താണ്.
ചക്കയടര്ത്താനായി ആളെ ഒപ്പിച്ചെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ആളെ പ്ലാവില്‍ കയറ്റാനുള്ള ധൈര്യം പോലീസുകാര്ക്കുണ്ടായില്ല. പിന്നെയൊട്ടും അമാന്തിച്ചില്ല 101ലേക്കു ഡയല് ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ കൊല്ലത്തു നിന്ന് അഗ്നിശമനസേനയുടെ വാഹനം സ്റ്റേഷനു മുന്നിലെത്തി. വാഹനത്തില്‍ നിന്ന് ഏണിയിറക്കി ചക്കയടര്ത്താന് അവര്‍ സജ്ജരായെങ്കിലും പോലീസുകാര്‍ അതിനു അവസരം നല്‍കിയില്ല.
പകരം നേരത്തെ വിളിച്ചിരുന്ന തൊഴിലാളിയെ ഏണിവഴി പ്ലാവില്‍ കയറ്റി ചക്കയടര്ത്തിച്ചു. പ്ലാവിലെ മുഴുവന്‍ ചക്കയുമടര്ത്തിയശേഷം പരസ്പരം നന്ദിവാക്കും ചൊരിഞ്ഞാണ് അഗ്നിശമനസേന പോലീസ് സ്റ്റേഷന് വിട്ടത്.