മുംബൈ: ലോകത്ത് ഏറ്റവും കൂടുതല്‍ കുണ്ടും കുഴിയുമുള്ള റോഡുകള്‍ ഉള്ള നഗരമെന്ന റെക്കോഡ് സ്വന്തമാക്കാനൊരുങ്ങി മുംബൈ. ഇത്തരം ഒരു ശ്രമത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ പുറത്തു കൊണ്ടുവരികയാണു ലക്ഷ്യമെന്ന് ഗിന്നസ് റെക്കോര്‍ഡിനായി ശ്രമിക്കുന്ന നവിന് ലാഡെ പറയുന്നു. മുംബൈയിലെ റോഡുകളില്‍ 20,000ല്‍ പരം കുഴികളുണ്ടെന്ന മാധ്യമ വാര്‍ത്തകളാണ് ലാഡെയ്ക്കു പ്രചോദനമായത്.
നിലവില്‍ ഗിന്നസില്‍ ഇത്തരമൊരു റെക്കോര്‍ഡ് ഇല്ല. എന്നാല്‍, നഗരവാസികളെ കൊലയ്ക്കു കൊടുക്കുന്ന കുഴികളിലൂടെ മുംബൈയ്ക്ക് ഈ കുപ്രസിദ്ധി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ തൊഴിലാളി വിഭാഗം ജനറല്‍ സെക്രട്ടറികൂടിയായ ലാഡെ. ഇദ്ദേഹം ഇപ്പോള്‍ ഗിന്നസ് അധികൃതര്‍ക്കു തെളിവായി സമര്‍പ്പിക്കാന്‍ ആവശ്യമായ ഫോട്ടോകള്‍, വിഡിയോകള്‍, മാധ്യമ വാര്‍ത്തകള്‍ എന്നിവ ശേഖരിച്ചുവരികയാണ്.
ഗിന്നസില്‍ മുംബൈയുടെ പേരു ചേര്‍ത്ത് മുനിസിപ്പല്‍ അധികൃതരെ നാണംകെടുത്താന്‍ നഗരവാസികളുടെ സഹായവും ലാഡെ ആവശ്യപ്പെട്ടിട്ടുണ്ട്. 350 രൂപ അപേക്ഷാ ഫീസ് അടച്ചാണ് ഗിന്നസില്‍ അപേക്ഷിച്ചിരിക്കുന്നത്. നാലു ദിവസത്തിനകം ഗിന്നസിന്റെ മറുപടി പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.