ന്യൂഡല്‍ഹി: അവിശ്വായ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപ്രതീക്ഷിതമായി ആലിംഗനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ച് പോസ്റ്ററടിച്ച് ആയുധമാക്കി കോണ്‍ഗ്രസ്. മഹാരാഷ്ട്ര കോണ്‍ഗ്രസാണ് രാഹുലിന്റെ ആലിംഗനം ചിത്രം പ്രചാരണ പോസ്റ്ററാക്കിയത്. മുംബൈ അന്ധേരിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
വെറുപ്പിലൂടെയല്ല, ഞങ്ങള്‍ സ്നേഹത്തിലൂടെ ജയിക്കുമെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രസംഗിക്കുകയായിരുന്ന രാഹുല്‍ ഗാന്ധി മോദിയെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലെത്തി കെട്ടിപ്പിടിച്ചത്.
സംഭവം എന്തെന്ന് മനസ്സിലാകാതെ സ്തബ്ധനായി നിന്ന പ്രധാനമന്ത്രി രാഹുലിനെ തിരികെ വിളിച്ച് ഹസ്തദാനം നല്കി. നിങ്ങള്‍ക്കെന്നെ പപ്പു എന്നു വിളിക്കാം. എനിക്ക് നിങ്ങളോട് തീരെയും വെറുപ്പില്ല. കാരണം ഞാന്‍ കോണ്‍ഗ്രസുകാരനാണ്. പാര്‍ലമെന്റിലെ പ്രസംഗത്തിനൊടുവില്‍ രാഹുല്‍ ഇപ്രകാരം പറഞ്ഞതിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമീപമെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തത്.