വെള്ളമുണ്ട: കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവര്‍ കിടപ്പറയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ആറോളം സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണവും വഴിമുട്ടിയപ്പോള്‍ പ്രദേശവാസികളുടെ വിരലടയാളവും കാല്പാദവും പരിശോധിച്ചാണ് പോലീസ് അന്വേഷണം നീങ്ങുന്നത്.
കൊലപാതകം നടന്ന വീടിന്റെ പരിസരത്തുള്ള മുന്നൂറോളം പേരുടെ കാല്പാദ അടയാളം ഫൊറന്‍സിക് അധികൃതരുടെ മേല്‍നോട്ടത്തില്‍ ശനിയാഴ്ച പോലീസ് ശേഖരിച്ചു. കാഞ്ഞിരങ്ങാട് അങ്കണവാടിയില്‍ രാവിലെ 11 മുതലാണ് പ്രദേശവാസികളുടെ കാല്പാദത്തിന്റെ പരിശോധന നടന്നത്.
60 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ കാലടയാളമാണ് പോലീസ് ലക്ഷ്യമാക്കിയത്. കൊലപാതകം നടന്ന വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തിയ കാല്‍പാദവുമായി ഇവ ഒത്തുനോക്കാനാണ് പോലീസ് വിവര ശേഖരണം നടത്തിയത്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഒമ്പത്, 10 വാര്‍ഡുകളിലെയും വെള്ളമുണ്ട പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെയും ആളുകളെയാണ് പരിശോധനയ്ക്കായി പോലീസ് വിളിച്ചുവരുത്തിയത്. നാടിനെ നടുക്കിയ കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്താനിരിക്കെയാണ് കാല്പാദ അടയാള ശേഖരണവുമായി പോലീസ് എത്തുന്നത്.
കൊലപാതകം നടത്തിയയാളെ സംബന്ധിച്ച് വ്യക്തമായ സൂചന പോലീസിന് ഇതിനകം ലഭിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് നാടിന്റെ ആശങ്കകള്‍ പരഹരിക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ആറിന് രാവിലെ എട്ടരയോടെയാണ് ദമ്പതികള്‍ വീടിനുള്ളില്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത നാടറിയുന്നത്. സംഭവം അറിഞ്ഞയുടനെ പന്ത്രണ്ടാം മൈല്‍ പ്രധാന റോഡരികിലുള്ള ഈ വീട്ടിലേക്ക് നാടൊഴുകുകയായിരുന്നു. കിടപ്പറയില്‍ ദമ്പതിമാര്‍ അതിക്രൂരമായി കഴുത്തിനും തലയ്ക്കും വെട്ടേറ്റു മരിച്ച വാര്‍ത്ത ആദ്യമൊന്നും ആര്‍ക്കും വിശ്വസിക്കാനായില്ല. വിവാഹം കഴിഞ്ഞ് മൂന്നുമാസം തികയുമ്പോഴാണ് ഈ അരുംകൊല നടന്നത്.
സമീപത്തുള്ള മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രത്തിലും രണ്ടിലധികം തവണ പോലീസ് പരിശോധന നടത്തി. ഇവരുടെ വിരലടയാളങ്ങള്‍ വെള്ളമുണ്ട സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയും പോലീസ് ശേഖരിച്ചു. ഇതില്‍ നിന്നും കാര്യമായ സൂചനകള്‍ ലഭിച്ചില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിരുന്നു. ഇതു സംബന്ധിച്ചുള്ള മുന്നേറ്റങ്ങളൊന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രദേശത്തെ റോഡരികിലുള്ള സ്ഥാപനങ്ങളുടെയും വീടുകളുടെയും സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കുറ്റവാളികളിലേക്ക് എളുപ്പം എത്താവുന്ന തരത്തിലുള്ള സൂചനകള്‍ കിട്ടിയിട്ടില്ല.
ജില്ലാ പോലീസ് മേധാവി ആര് കറുപ്പ സ്വാമിയുടെ നിര്‍ദേശ പ്രകാരം മാനന്തവാടി ഡിവൈ എസ്പി കെഎം ദേവസ്യയാണ് കേസ് അന്വേഷിക്കുന്നത്. മുപ്പതോളം അംഗങ്ങളുള്ള അന്വേഷണ ടീം ഇതിനകം കുറ്റവാളികളെ തേടി അന്വേഷണത്തിലാണ്. ജില്ലയ്ക്ക് പുറത്തും അന്വേഷണം തകൃതിയായി നടക്കുന്നുണ്ട്. 15 ദിവസത്തിനുള്ളില്‍ പ്രതിയെ സമൂഹത്തിന്റെ മുന്നിലെത്തിക്കും എന്ന പ്രത്യാശ ഇവര്‍ പ്രകടിപ്പിച്ചതായും നാട്ടില്‍ സംസാരമുണ്ട്. നാടിനെയും കുടുംബത്തെയും ഒരുപോലെ അസ്വസ്ഥമാക്കിയ കൊലപാതകക്കേസ് തെളിയുന്നതും കാത്തിരിക്കുകയാണ് നാടെല്ലാം.