കറുകച്ചാല്‍: പോക്കറ്റടി പിടിക്കമെടുന്ന അവസ്ഥ വന്ന നിമിഷം സമൂഹത്തിന്റെയും പോലീസിന്റെയും കണ്ണില്‍ പൊടിയിട്ട് നാടകം കളിച്ച വിരുതന്മാര് പിടിയില്‍. കഴിഞ്ഞ ദിവസമാണ് കറുകച്ചാലില്‍ ചലച്ചിത്രത്തെ വെല്ലുന്ന നാടകം അരങ്ങേറിയത്. സംസ്ഥാനത്തെ ഒട്ടേറെ പോക്കറ്റടി കേസുകളില്‍ പ്രതികളായ പത്തനാപുരം കരിക്കത്തില്‍ പുത്തന്‍വീട്ടില്‍ സജി (46), പത്തനാപുരം കടയ്ക്കാമണ്‍ പ്ലോട്ട് നമ്പര്‍ 74ല്‍ ബേബി ഏലിയാസ് (മൊട്ട ബേബി54) എന്നിവരാണ് അറസ്റ്റിലായത്.
കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡില്‍ തിരക്കുള്ള ബസുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ മോഷണവും പോക്കറ്റടിയും നടത്തിവന്നത്. കഴിഞ്ഞ ദിവസം പാമ്പാടിയിലേക്ക് പോകുന്നതിനായി ബസില്‍ കയറുന്നതിനിടെ പാമ്പാടി പൂതക്കുഴി കീച്ചേരില്‍ ജോബിന്റെ (59) പോക്കറ്റടിക്കുകയായിരുന്നു. തിരക്കിനിടയില്‍ പോക്കറ്റടി ശ്രദ്ധയില്‍പെട്ട ജോബ് ബഹളം വച്ചതോടെ സജിയും ബേബിയും മാന്യതയുടെ മുഖം മൂടി അണിഞ്ഞു. പോക്കറ്റടിക്കാര്‍ ഓടിപ്പോയത് തങ്ങള്‍ കണ്ടെന്നു പറഞ്ഞ് അവരെ പിടിക്കാനെന്ന വ്യാജേന മിന്നല്‍ വേഗത്തില്‍ മുങ്ങി. നടന്നതെന്തെന്ന് ജോബ് മറ്റ് യാത്രക്കാരോട് പറയുമ്പോഴേക്കും ഇരുവരും സ്ഥലം വിട്ടിരുന്നു.
പോലീസ് എത്തി ജോബിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവില്‍ ബവ്റിജസ് കോര്‍പറേഷന്റെ മദ്യവില്പനശാലയില് ശാന്തരായി ക്യൂ നില്ക്കുന്ന നിലയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ജോബിന്റെ പഴ്സും ഇവരുടെ പക്കല്‍ നിന്നു കണ്ടെത്തി. ബസ് നിര്‍ത്തുന്ന സമയത്തെ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് പ്രായമായവരെ കേന്ദ്രീകരിച്ചാണ് ഇരുവരും മോഷണം നടത്തിയിരുന്നത്. പോക്കറ്റടിച്ച ശേഷം ബസില്‍ രക്ഷപ്പെടുകയാണ് പതിവ്. ഇരുവരും സംസ്ഥാനത്തെ നിരവധി പോക്കറ്റടി കേസുകളിലെ പ്രതികളാണെന്ന് കറുകച്ചാല്‍ പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.