കായംകുളം: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചക്രങ്ങള്‍ മോഷ്ടിച്ചെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പരാതി. കെപിസിസി സെക്രട്ടറി ഷാജഹാനാണ് പരാതിയുമായി കായംകുളം പോലീസിനെ സമീപിച്ചിരിക്കുന്നത്. മോഷ്ടാവ് കാറിന്റെ ചക്രങ്ങള്‍ ഊരിമാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. വീടിന് മുന്നിലെ റോഡിലാണ് രാത്രിയില്‍ ഷാജഹാന് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. രാവിലെ കാര്‍ എടുക്കാന്‍ വന്നപ്പോഴാണ് മൂന്ന് ചക്രങ്ങള്‍ മോഷണം പോയ വിവരം അറിയുന്നത്.
തുടര്‍ന്ന് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചക്രങ്ങള്‍ ഊരിമാറ്റുന്ന കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞുവെന്ന് ബോധ്യപ്പെട്ടത്. പിന്നാലെ ദൃശ്യങ്ങളടക്കം കായംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസിന്റെ പരിശോധനയില്‍ സമീപത്തെ വര്‍ക്ഷോപ്പില്‍ നിന്നും ടൂള്‍സും നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കായംകുളം പോലീസ് അന്വേഷണം തുടരുകയാണ്.