ജിദ്ദ: സൗദിയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കുടുക്കാനൊരുങ്ങി സൗദി. നിതാകാത്ത് കാലത്തും, ഫാമിലി ലെവിയുടെ കാര്യങ്ങളിലുമൊക്കെ ഭരണാധികാരികള്‍ ചിന്തിക്കുക പോലും ചെയ്യാത്ത പല സുപ്രധാന തീരുമാനങ്ങളും എടുത്തതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. സത്യമേത്, വ്യാജമേത് എന്നറിയാതെ പലരും ഇരുട്ടില്‍ തപ്പി. എന്നാല്‍ ഇനി മുതല്‍ ഇത്തരം വ്യാജ വാര്‍ത്തകളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ സൗദിയില്‍ കുടുങ്ങും.
ക്രമസമാധാനത്തെ ബാധിക്കുന്ന കിംവദന്തികളും വ്യാജവാര്‍ത്തകളും ഇന്റര്‍നെറ്റിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും തയ്യാറാക്കുന്നതും, അയക്കുന്നതും, മറ്റൊരാള്‍ അയച്ചത് ഫോര്‍വേഡ് ചെയ്യുന്നതും സൈബര്‍ ക്രൈം നിയമമനുസരിച്ച് അഞ്ച് വര്‍ഷം തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.