അന്തരിച്ച അനശ്വര ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദര സൂചകമായി സംഗീത വിദ്യാലയത്തിന് പുനര്‍നാമകരണം ചെയ്യുന്നു. ആന്ധ്രപ്രദേശ് സര്‍ക്കാരാണ് ഇത്തരത്തില്‍ മഹത്തായ പ്രവൃത്തി ചെയ്യാനൊരുങ്ങുന്നത്. നെല്ലൂരിലെ സംഗീത-നൃത്ത വിദ്യാലത്തിന്റെ പേരാണ് ഡോ. എസ്പി ബാലസുബ്രഹ്മണ്യം ഗവണ്മെന്റ് സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് എന്ന പേരിലേയ്ക്കു മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.
തന്റെ അച്ഛനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദഹത്തെ എന്നും സ്മരിക്കുന്നതില്‍ നന്ദിയുണ്ടെന്നും എസ്പിബിയുടെ മകന് എസ്പി ചരണ്‍ പറഞ്ഞു. അന്ധ്രാ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും നന്ദിയും കടപ്പാടും അറിയിക്കുന്നെന്നും ചരണ്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
അതേസമയം, എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരില്‍ സ്റ്റഡി ചെയര്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് മൈസൂരു സര്‍വകലാശാല. ഇതിനായി 5 ലക്ഷം രൂപ നീക്കി വച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ചെന്നൈ അരുമ്പാക്കം നെല്‍സണ്‍മാണിക്കം റോഡിലുള്ള എംജിഎം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 1.04ന് ആയിരുന്നു എസ്പിബി നമ്മെ വിട്ട് പിരിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
അദ്ദേഹത്തെ പത്മശ്രീയും പത്മഭൂഷണും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടന്, സംഗീത സംവിധായകന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: പിന്നണി ഗായകനും നിര്‍മാതാവുമായ എസ്പി ചരണ്‍, പല്ലവി എന്നിവരാണ്.