നിലമ്പൂർ: നിലമ്പൂരിൽ പ്രളയകാലത്ത് വീട് നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ഡോക്ടർമാരുടെ നന്മനിറഞ്ഞ ഇടപെടൽ. ഡോക്ടർമാരുടെ ക്ലബ്ബായ മലബാർ ഡെർമറ്റോളജി ക്ലബ്ബ് വീട് നഷ്ടപ്പെട്ട കുടുംബത്തിന് തലചായ്ക്കാൻ വീട് നിർമ്മിച്ചുനൽകിയിരിക്കുകയാണ്.
കഴിഞ്ഞ പ്രളയകാലത്താണ് നിലമ്പൂർ നഗരസഭയിലെ ചാരംകുളം ഡിവിഷനിലെ കുണ്ടുകുളി ബഷീറിന്റെ വീട് തകർന്നത്. കുടുംബത്തിന്റെ കഷ്ടപ്പാട് അറിഞ്ഞ് ഡോക്ടർമാരുടെ ക്ലബായ മലബാർ ഡെർമറ്റോളജി ക്ലബ്ബ് വീട് നിർമ്മിച്ചു നൽകുകയായിരുന്നു.
ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന ചടങ്ങിൽ വീടിന്റെ താക്കോൽ മലബാർ ഡെർമറ്റോളജി ക്ലബ്ബ് പ്രസിഡന്റ് ഡോ. പ്രസന്നകുമാർ കുടുംബത്തിന് സമ്മാനിച്ചു.
ഡോ. പ്രശാന്ത്, ഡോ. ഷൈലജ, ഡോ. റുക്സാന എന്നിവരും വീടുനിർമ്മാണത്തിന് നേതൃത്വം നൽകിയ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.