മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കോംബോ ആണ് ദാസനും വിജയനും. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ ചിത്രങ്ങളുലൂടെ മോഹന്‍ലാലും ശ്രീനിവാസനും മത്സരിച്ച് അഭിനയിച്ച് ഫലിപ്പിച്ച ഈ രണ്ട് കഥാപാത്രങ്ങളെ മാറ്റി ചിന്തിക്കുക മലയാളികള്‍ക്ക് പ്രയാസം തന്നെയാണ്.
എന്നാല്‍ മലയാളികളുടെ മനസില്‍ ഊട്ടിയുറപ്പിക്കപ്പെട്ട കോംബോയുമായി എത്തുകയാണ് നമ്മുടെ ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും. ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് എന്ന ചിത്രത്തില്‍ ബിബിന്‍ ദാസ്, ബിബിന്‍ വിജയ് എന്നീ രണ്ട് കഥാപാത്രങ്ങളായാണ് ഇരുവരും എത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തന്വി റാം ആണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. മാക്സ് വെല്‍ ജോസാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. അനില്‍ ലാലിന്റെ ഗാനങ്ങള്‍ക്ക് പ്രകാശ് അലക്സ് ആണ് ഈണം പകര്‍ന്നത്.
ധര്മ്മജന് ബൊള്‍ഗാട്ടി, അഹമ്മദ് സിദ്ദിഖ് അലന്‍സിയര്‍, ജോണി ആന്റെ ണി, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, ലെന, സരയൂ ദിപ്തി, നീനാ കുറുപ്പ്, ദീപ്തി കല്യാണി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്നും രഞ്ജിനി ഹരിദാസും അതിഥിതാരങ്ങളായും ചിത്രത്തില്‍ എത്തുന്നുണ്ട്.
പഠിക്കുന്ന സമയത്ത് കിട്ടിയ പേരാണ് ഇരുവര്‍ക്കും ദാസനും വിജയനും അന്നുമുതല്‍ ഉറ്റ ചങ്ങാതിമാരാണ് ഇവര്‍. ഐടി പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളും ഇവരെ തേടിയെത്തുന്നു. ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളും, നര്‍മ്മങ്ങളുമൊക്കെ കൂടിച്ചേര്‍ന്നതാണ് സിനിമ.
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്’ എന്ന ചിത്രത്തിലെ അജുവിന്റെ ഈ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു രാഷ്ട്രീയ പ്രവര്ത്തകന് എന്ന് തോന്നിപ്പിക്കുന്ന ചിത്രത്തിലെ അജുവിന്റെ കഥാപാത്രത്തിന്റെ പേര് ‘തടത്തില്‍ സേവ്യര്‍’ എന്നാണ്.
ഉണ്ണി മുകുന്ദന് പ്രൊഡക്ഷന്‍സ് എന്ന സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ബാനറില്‍ ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. ‘സാജന് ബേക്കറി സിന്‍സ് 1962’, ജീന്‍ പോള്‍ ലാലിന്റെ ‘സുനാമി’ എന്നിവയാണ് അജുവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. നവാഗതനായ ലെനിന് ബാലകൃഷ്ണന്റെ ‘ആര്‍ട്ടിക്കിള്‍ 21’, ധ്യാന്‍ ശ്രീനിവാസന്റെ രചനയില്‍ നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശന് പറക്കട്ടെ’ തുടങ്ങി നിരവധി ചിത്രങ്ങള്‍ അജുവിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.