താനൂർ: മലപ്പുറത്തു നിന്നും തെന്മലയിലേക്ക് യാത്രപോയി തിരിച്ചുവരുന്നതിനിടെ അപകടത്തിൽ പെട്ടതോടെ പിടിയിലായത് മലപ്പുറത്തെ ബൈക്ക് മോഷണസംഘം. താനൂർ പോലീസാണ് യുവാക്കളെ അറസ്റ്റുചെയ്തത്. ഇവർ മോഷ്ടിച്ച് വിൽപ്പന നടത്തിയ ആറ് ബൈക്കുകൾ കടലുണ്ടി, പൊന്നാനി, പരപ്പനങ്ങാടി, കൊല്ലം ചാത്തല്ലൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
ജില്ലയുടെ പലഭാഗത്തു നിന്നും ജില്ലയ്ക്ക് പുറത്തും ബൈക്ക് മോഷണം നടത്തിയ ചെട്ടിപ്പടിയിലെ കുറ്റ്യാടി മുഹമ്മദ് അകിബ് (21), ആലുങ്ങൽ ബീച്ചിലെ പൊക്ലിന്റെപുരയിൽ റസൽ(19), കുഞ്ഞിക്കണ്ണന്റെപുരയിൽ അമീൻ(24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് എതിരെ നിലവിൽ പരപ്പനങ്ങാടി, കോഴിക്കോട്, ചെമ്മാട്, വടക്കാഞ്ചേരി, തിരൂർ, തൃശ്ശൂർ എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
ഇവരുടെ ഏറ്റവും ഒടുവിലെ മോഷണം ഈ മാസം 19ന് പരപ്പനങ്ങാടി പുത്തരിക്കലിൽ ആയിരുന്നു. ഇവിടെ നിന്നും മോഷ്ടിച്ച ബുള്ളറ്റിൽ പ്രതി അകിബിന്റെ കാമുകിയെ കാണാനായി റസലിനെയും അമീനിനെയും കൂട്ടി കൊല്ലത്തെ തെന്മലയിലെത്തുകയായിരുന്നു. പിന്നീട് അവിടെ സമീപത്ത് തന്നെ ബുള്ളറ്റ് വിറ്റു.
പിറ്റേദിവസം കാമുകിയെയും കണ്ട് പോരുന്നതിനിടെ കൊല്ലം ചാത്തല്ലൂരിൽ വെച്ച് ഒരു ബൈക്ക് മോഷ്ടിക്കുകയും ചെയ്തു. തിരിച്ചുപോരുന്നതിനിടെയാണ് അപകടമുണ്ടായത്. റസൽ ഓടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് അമീനും റസലിനും പരിക്കേൽക്കുകയായിരുന്നു. അകിബ് തൃശ്ശൂർവരെയാണ് ഇവരുടെ കൂടെ ഉണ്ടായിരുന്നത്. പിന്നീട് അകിബ്, റസൽ എന്നിവരെ വാഹന പരിശോധനയ്ക്കിടെ താനൂർ ടൗണിൽനിന്നും പോലീസ് പിടികൂടുകയും അമീനിനെ വീട്ടിൽനിന്നും താനൂർ സിഐ പി പ്രമോദും സംഘവും അറസ്റ്റ് ചെയ്യുകയുമായിരുന്നു.