പൈങ്കുളം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇന്ന് സംസ്ഥാനം. കൊവിഡ് പശ്ചാത്തലത്തിലും വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ചുവരെഴുത്തിലും പോസ്റ്റര്‍ ഒട്ടിക്കലും നടത്തി പ്രചരണം അണികള്‍ കൊഴുപ്പിക്കുമ്പോള്‍, സ്വന്തം പോസ്റ്റര്‍ വലിച്ച് കീറുന്ന തിരക്കിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
എതിര്‍കക്ഷികളുടെ പോസ്റ്റര്‍ അല്ല, മറിച്ച് സ്വന്തം പോസ്റ്ററുകള്‍ തന്നെയാണ് ഈ സ്ഥാനാര്‍ത്ഥി വലിച്ച് കീറുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യം മാത്രം ബാക്കി അതിനും വ്യക്തമായ ഉത്തരമുണ്ട് ഈ സ്ഥാനാര്‍ത്ഥിക്ക്.
പാഞ്ഞാള്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പൈങ്കുളം സെന്ററിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൃഷ്ണദാസും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് പോസ്റ്ററുകള്‍ വലിച്ചുകീറുന്നത്. നേരത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വൈദ്യുത തൂണിലും മറ്റും ചിഹ്നം പതിപ്പിച്ച പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. ഇതാണ് ഇന്ന് സ്ഥാനാര്‍ത്ഥി നേരിട്ടെത്തി വലിച്ചുകീറുന്നത്.
ഇതിന് കാരണമായതാകട്ടെ കെഎസ്ഇബിയുടെ ഉത്തരവും. വൈദ്യുത പോസ്റ്റുകളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കരുതെന്ന കെഎസ്ഇബിയുടെ ഉത്തരവ് ശ്രദ്ദയില്‍പ്പെട്ടതോടെയാണ് പോസ്റ്ററുകള്‍ വലിച്ചുകീറാന്‍ തുടങ്ങിയത്. വെറുതെ കീറി കളയുക മാത്രമല്ല, ചീന്തിപാട് വന്നിടത്ത് വെള്ളപൂശുകയും ചെയ്യുന്നുണ്ട് ഇവര്‍.