അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥന് എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു. എറണാകുളം ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു പരിപാടി.
ജയസൂര്യയും നമിത പ്രമോദും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെയാണ് സംഗീതം പകരുന്നത്. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലോക്കേഷന്‍ കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലാണ്.
അതേസമയം, ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമായ ‘സണ്ണി’യുടെ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ ടീസറിന് 51 സെക്കന്റ് ദൈര്‍ഘ്യമുണ്ട്. ‘സണ്ണി’യില്‍ ഒരു സംഗീതജ്ഞനായാണ് ജയസൂര്യ എത്തുന്നത്. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സണ്ണി’.
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘സണ്ണി’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന് നിര്‍വ്വഹിക്കുന്നു. പുണ്യാളന് അഗര്‍ബത്തീസ്, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, സു സു സുധി വാത്മീകം, പ്രേതം, പ്രേതം 2, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന ചിത്രമാണ് ‘സണ്ണി’.
ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം ആദ്യമായി ഡിജിറ്റല്‍ റിലീസ് ചെയ്ത മലയാള താര ചിത്രം ജയസൂര്യയുടെ ‘സൂഫിയും സുജാതയുമായിരുന്നു’. വെള്ളം, ടര്‍ബോ പീറ്റര്‍, ആട് 3, കത്തനാര്, രാമ സേതു, വിനയന് സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങിയ ജയസൂര്യ ചിത്രങ്ങള്‍ ഇനിയും പുറത്തിറങ്ങാനുണ്ട്.