കോഴിക്കോട്: ഇനി സവാളയ്ക്ക് വില കുറയും. 4 കണ്ടെയ്നറുകളില്‍ 100 ടണ്‍ ഈജിപ്ത്, തുര്‍ക്കി സവാള വിപണിയിലെത്തി. വേങ്ങേരി മാര്‍ക്കറ്റിലെ ടി നാരായണന് വെജിറ്റബിള്‍സ് മൊത്ത വ്യാപാര കേന്ദ്രത്തിലാണ് സവാള എത്തിയത്.
കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിയ സവാള അതേ കണ്ടെയ്നറിലാണ് വേങ്ങേരി മാര്‍ക്കറ്റിലേക്ക് എത്തിച്ചത്. തുര്‍ക്കി സവാളയ്ക്ക് കിലോഗ്രാമിനു 50 രൂപയും ഈജിപ്തിനു 42 രൂപയുമാണ് മൊത്ത വ്യാപാര വില. നാസിക്കില്‍ നിന്നു വരുന്ന സവാളയാണ് സാധാരണ വിപണിയിലുളളത്. ഇതിനു കിലോഗ്രാമിനു 54 മുതല്‍ 55 രൂപയാണ് മൊത്ത വ്യാപാര വില. 60 രൂപയ്ക്കാണ് ചില്ലറയായി വില്കുന്നത്.
ഈജിപ്തിന്റെ സാലഡ് ഉള്ളിക്ക് 50 രൂപയാണ് വില. സാലഡ് ഉള്ളി ഒന്നിന് 500 ഗ്രാം വരെ തൂക്കമുണ്ട്. റോസ് നിറമുളളതാണ് ഈജിപ്ത് ഉള്ളി. നിറത്തില്‍ സാധാരണ നാസിക് ഉള്ളിയോട് സാമ്യമുള്ളതാണ് തുര്‍ക്കി ഉള്ളി. ഈജിപ്ത്, തുര്‍ക്കി സവാള എത്തിയതോടെ പൊതുവിപണിയില്‍ സവാളയുടെ വില വര്‍ധന തടയാന്‍ കഴിഞ്ഞതായി കച്ചവടക്കാര്‍ പറഞ്ഞു.
രാജ്യത്ത് സവാള വിലയില്‍ വര്‍ധന തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വില വര്‍ദ്ധന നിയന്ത്രിക്കുവാന്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പറഞ്ഞിരുന്നു.