തൃശൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുമെന്ന് കലക്ടര്‍ എസ് ഷാനവാസ്. തഹസില്‍ദാര്‍മാരുടെ യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. ഇതിലൂടെ ഗണ്യമായ തോതില്‍ മാലിന്യം കുറയ്ക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും ജില്ലാ ശുചിത്വമിഷന്റെ സേവനം ലഭ്യമാക്കുമെന്നും ജില്ലയിലെ ഹരിത തെരഞ്ഞെടുപ്പ് ചുമതലയുള്ള നോഡല്‍ ഓഫിസര്‍ ആയി ജില്ലാ ശുചിത്വമിഷന് കോഓര്‍ഡിനേറ്ററെ നിയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
നിര്‍ദേശങ്ങള്‍
1.ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍ ഉല്പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കും.
2.സ്വന്തമായി കഴുകി അണുവിമുക്തമാക്കി ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശീലമാക്കാന്‍ ജീവനക്കാരെയും സ്ഥാനാര്‍ത്ഥികളെയും പ്രേരിപ്പിക്കും.
3.ഫ്ലെക്സ്, പ്ലാസ്റ്റിക് തോരണങ്ങള്‍ എന്നിവയ്ക്കു പകരമായി പ്രകൃതിസൗഹൃദ വസ്തുക്കള്‍ കൊണ്ടുള്ള പ്രചാരണ വസ്തുക്കള്‍ നിര്‍ദേശിക്കും.
4.വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫിസുകള്‍ പ്രകൃതിസൗഹൃദ വസ്തുക്കള്‍ കൊണ്ട് അലങ്കരിക്കാന്‍ നേതാക്കളുടെ യോഗം വിളിക്കും.
5.ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ഇലക്ടറല്‍ റജിസ്ട്രേഷന് ഓഫിസര്‍മാരും തദ്ദേശസ്ഥാപന സെക്രട്ടറിമാരും ഇടപെടണം.
6.പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടു പൊതിഞ്ഞ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനു പകരം തുണിയോ പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളോ ഉപയോഗിക്കണം.
7.തെരഞ്ഞെടുപ്പു സാമഗ്രികള്‍ വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളിലെ സൂചനാ ബോര്‍ഡുകള്‍ തുണികളില്‍ പ്രിന്റ് ചെയ്യാന്‍ നിര്‍ദേശിക്കും.
8.ജീവനക്കാര്‍ക്കുള്ള ഭക്ഷണം വാഴയിലയില്‍ പൊതിഞ്ഞ് വിതരണം ചെയ്യുന്നതിന് കുടുംബശ്രീ സംവിധാനം.
9.ആഹാരം കഴിക്കുന്നതിനും കുടിവെള്ളത്തിനുമായി പാത്രങ്ങളും കുപ്പികളും കയ്യില്‍ കരുതുന്നതിന് ഉദ്യോഗസ്ഥരോടു നിര്‍ദേശിക്കും.
10.ജീവനക്കാര്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കും കടലാസില്‍ നിര്‍മിച്ച തിരിച്ചറിയല്‍ കാര്‍ഡ്.
11.ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം തരം തിരിച്ചു സൂക്ഷിക്കും.