കൊച്ചി: കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘കുറുപ്പ്’ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു. മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ചിത്രം ശ്രീനാഥ് രാജേന്ദ്രന് ആണ് സംവിധാനം ചെയ്യുന്നത്.
പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ആയിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്. വേറിട്ട രൂപത്തില്‍ ആണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് അറിയുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ദുല്‍ഖര്‍ സല്മാന് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും.
വിവേക് ഹര്ഷന് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. നിമിഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളത്തില്‍നിന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. ഒടിടി പ്ലാറ്റ്ഫോം ഏതെന്നും റിലീസ് തീയതിയും ഇന്ന് പ്രഖ്യാപിക്കും. നേരത്തെ ദുല്‍ഖര്‍ നിര്‍മ്മിച്ച ‘മണിയറയിലെ അശോകന്’ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ്. സുഷിന് ശ്യാം സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
മൂത്തോന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, പി ബാലചന്ദ്രന്, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.