റാഞ്ചി: ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ നിന്നും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ധോണിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി ഭാര്യ സാക്ഷി ധോനി. അഭിനിവേഷമായ ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോൾ നിങ്ങൾ കരച്ചിൽ അടക്കിപ്പിടിച്ചിട്ടുണ്ടാവും എന്ന് അറിയാമെന്ന് സാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സൂര്യാസ്തമയം നോക്കി നിൽക്കുന്ന ധോണിയുടെ ഫോട്ടോ പങ്കുവെച്ചാണ് സാക്ഷിയുടെ കുറിപ്പ്. സ്വന്തമാക്കിയ നേട്ടങ്ങളിലെല്ലാം നിങ്ങൾക്ക് അഭിമാനിക്കാം. കളിക്കായി ഏറ്റവും മികച്ചത് നൽകിയതിന് അഭിനന്ദനങ്ങൾ.
നിങ്ങളുടെ നേട്ടങ്ങളിലും നിങ്ങളെന്ന വ്യക്തിയിലും ഞാൻ അഭിമാനിക്കുന്നു. ആരോഗ്യവും, സന്തോഷവും, മറ്റ് നന്മകളും ജീവിതത്തിൽ ഉണ്ടാവട്ടേയെന്ന് ആശംസിക്കുന്നു…സാക്ഷി ഇൻസ്റ്റയിൽ കുറിച്ചു.
ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യ ദിനത്തിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ധോണി വിരമിക്കൽ വിവരം ലോകത്തെ അറിയിച്ചത്.
ധോനിക്ക് പിന്നാലെ റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ ഐപിഎല്ലിനായി ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാംപിലാണ് ധേണി.