കൊളത്തൂർ: ചാറ്റിങ്ങിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുടുക്കി അർധ രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയിൽ. പടപ്പറമ്പ് പരവക്കൽ ചക്കുംകുന്നൻ മുസ്തഫ (21)യെയാണ് കൊളത്തൂർ സിഐ പിഎം ഷമീർ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് യുവാവിന്റെ അറസ്റ്റ്.
പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി മാതാവിന്റെ ഫോണിലെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാളുമായി ചാറ്റിങ്ങിലേർപ്പെട്ടത്. ആഴ്ചകളായി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് രാത്രിയിൽ പുറത്തു വരാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടത്.
വീട്ടിൽ വിരുന്നിനു വന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പമാണ് കുട്ടി ഇറങ്ങിപ്പോയത്. രാത്രി ശൗചാലയത്തിൽപ്പോവാൻ എഴുന്നേറ്റ പിതാവ് മറ്റൊരു മുറിയിൽ കിടന്നിരുന്ന കുട്ടികളെ കാണാഞ്ഞതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്ററപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇവരെ കണ്ടെത്തിയത്. കുട്ടികളെ തിരയുന്നുണ്ടെന്ന് മനസിലാക്കിയ മുസ്തഫ ഉടനെ മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയ്ക്കെതിരേ കേസെടുത്തത്. ഇയാളെ മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി.