കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മുഴുവൻ പ്രഖ്യാപിതച്ച ലോക്ഡൗണിൽ സിനിമയിലെ ദിവസവേതനക്കാർ ബുദ്ധിമുട്ടുകയാണ് എന്ന വാർത്ത നേരത്തെ പുറത്തു വന്നതാണ്. തമിഴ് സിനിമാമേഖലയിലെ ലോക്ഡൗൺ പ്രതിസന്ധികൾ മറികടക്കാൻ രജനീകാന്ത്, അജിത്ത്, സൂര്യ, കാർത്തി, ശിവകുമാർ, വിജയ് സേതുപതി, ശിവകാർത്തികേയൻ തുടങ്ങിയവർ സിനിമാസംഘടനയായ ഫെഫ്സിക്ക് ധനസഹായവുമായി രംഗത്തു വരികയുണ്ടായി.
ഇപ്പോഴിതാ നടൻ യോഗി ബാബുവും സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്. തമിഴ് സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് 1250 ചാക്ക് അരിയും മറ്റ് ഭക്ഷ്യ വസ്തക്കളുമാണ് യോഗി ബാബു വിതരണം ചെയ്തത്. നടന്റെ വിവാഹറിസപ്ഷൻ നേരത്തേ തീരുമാനിച്ച പ്രകാരം ആർഭാടമായി ഏപ്രിൽ 9ന് നടക്കേണ്ടതായിരുന്നു.
വിവാഹം പെട്ടെന്നു നടത്തിയതിനാൽ ആരെയും ക്ഷണിക്കാൻ കഴിഞ്ഞിരുന്നില്ല. പകരം റിസപ്ഷന് തമിഴ്നാട് മുഖ്യമന്ത്രിയെ അടക്കം സിനിമാമേഖലയിലെ സുഹൃത്തുക്കളെ മുഴുവൻ ക്ഷണിച്ചുകൊണ്ട് ആഘോഷപൂർവം നടത്താൻ ഉദ്ദേശിച്ചിരിക്കുകയായിരുന്നു. എന്നാൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അത് നീട്ടുവെക്കുകയായിരുന്നു. പകരം അതേദിവസം സത്പ്രവൃത്തിയുമായി നടൻ രംഗത്തു വന്നു.