മനഷ്യരാശിയുടെ ജീവന് ഭീഷണിയായ കൊവിഡ് 19 പടർന്നു പിടിക്കാതിരിക്കാൻ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ് പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് കഷ്ടത്തിലായത്. പലർക്കും ജോലിക്ക് പോകുന്നതിനും വരുമനത്തിനും വഴിയില്ലാതായിരിക്കുകയാണ്.
ട്രാൻസ്ജെൻണ്ടർ വ്യക്തികളുടെ അവസ്ഥയും വ്യത്യസ്തമല്ല. എന്നാൽ ഇവരുടെ അവസ്ഥ മനസിലക്കി 50 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഭക്ഷണമെത്തിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. കേരളത്തിലെ ട്രാൻസ്ജെൻഡർ സംഘടനയായ ദ്വയയിലൂടെയാണ് മഞ്ജു ഭക്ഷണത്തിനുള്ള സാമ്പത്തിക സഹായം എത്തിച്ചിരിക്കുന്നത്. സൂര്യ ഇഷാനാണ് ഇക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.
തങ്ങളും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യത്വപരമായി സഹായിച്ച ഒരാളെക്കുറിച്ച് പറയാനാണ് ഈ വിഡിയോ എന്ന് വ്യക്തമാക്കിയാണ് സൂര്യ വീഡിയോ ആരംഭിച്ചത്. ്. ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയാണ് മഞ്ജു ചേച്ചിയെന്നും സംസ്ഥാന സർക്കാരും അതാതു ജില്ലകളിൽ തങ്ങളെ സഹായിക്കുന്നുണ്ടെന്നും സൂര്യ വ്യക്തമാക്കി.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ ആണ് ട്രാൻസ്ജെൻഡേർസിന്റെ നിസഹായാവസ്ഥയെക്കുറിച്ച് മഞ്ജു വാര്യരെ അറിയിച്ചത്. ഉടനെ മഞ്ജു സഹായമെത്തിക്കുകയയിരുന്നെന്ന് രഞ്ജു രഞ്ജിമർ പറഞ്ഞു.
എല്ലാദിവസം ഞാൻ മഞ്ജു ചേച്ചിക്ക് മെസേജ് അയയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചപ്പോൾ കുട്ടികളെക്കുറിച്ച് ചോദിച്ചു. അവർ സുരക്ഷിതരാണോ എന്നായിരുന്നു ചേച്ചി ചോദിച്ചത്. സുരക്ഷിതരാണ് പക്ഷേ ഭക്ഷണകാര്യത്തിൽ മാത്രമാണ് പ്രശ്നമെന്ന് ഞാൻ പറഞ്ഞു. ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞു. ഭക്ഷണസാധനങ്ങൾ മേടിക്കാൻ എത്ര രൂപയാകുമെന്ന് ചേച്ചി ചോദിച്ചു. ഒരു കിറ്റിന് ഏകദേശം 700 രൂപ മുതലാണ് തുടങ്ങുന്നത്. അങ്ങനെയെങ്കിൽ 50 പേർക്കുള്ള ഭക്ഷണത്തിന്റെ പൈസ ചേച്ചി തരാമെന്ന് പറയുകയായിരുന്നു.
ഞങ്ങളുടെ കൂടെയുള്ള ദ്വയയുടെ അക്കൗണ്ട് നമ്പർ എന്നോട് മേടിച്ചു. പത്ത് മിനിറ്റുള്ളിൽ തന്നെ 35000 രൂപ ചേച്ചി ഞങ്ങൾക്ക് അയച്ചു.ഇന്ന് രാവിലെ ഞങ്ങൾ ബാങ്കിൽ പോയി പൈസ എടുത്തു. അതിനു ശേഷം പല സൂപ്പർമാർക്കറ്റുകളിൽ പോയി സാധനങ്ങൾ മേടിച്ചു.മഞ്ജു ചേച്ചി എപ്പോഴും നമ്മളെ അദ്ഭുതപ്പെടുത്തുന്ന പ്രതിഭയാണ്. അഭിനയത്തിന്റെ കാര്യത്തിലോ നൃത്തത്തിന്റെ കാര്യത്തിലോ അല്ല ഞാൻ പറയുന്നത്.
പച്ചമലയാളത്തിൽ പറഞ്ഞാൽ മനുഷ്യപറ്റുള്ള സ്ത്രീയാണ്. മറ്റുള്ളവരുടെ വേദനയും സങ്കടവും മനസ്സിലാക്കാൻ പറ്റുന്ന സ്ത്രീ. എന്റെ ഫോണിൽ ഞാൻ സേവ് ചെയ്തിരിക്കുന്നത് ‘എന്റെ മഞ്ജു ചേച്ചി’ എന്നാണ്. ഇതുപോലെ പുറത്തുപറയാതെ ഒരുപാട് സഹായങ്ങൾ ചേച്ചി ചെയ്യുന്നുണ്ട് എന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.
നേരത്തെ സിനിമയിലെ ദിവസകൂലിക്കാരായ വ്യക്തികൾക്ക് സഹായമെത്തിക്കുന്നതിന് മഞ്ജു 5 ലക്ഷം രൂപ നൽകിയിരുന്നു. നടൻ മോഹൻലാൽ 10 ലക്ഷം രൂപയും ഫെഫ്ക്കയ്ക്ക് നൽകിയിരുന്നു.