കൊച്ചി: കോവിഡ് 19 വൈറസ് ബാധയെ നേരിടുന്ന കാര്യത്തില്‍ രാജ്യം കേരളത്തെ മാതൃകയാക്കണമെന്ന് ഗുജറാത്ത് പത്രം. അഹമ്മദാബാദിൽ നിന്ന് പുറത്തിറങ്ങുന്ന ഇംഗ്ലീഷ് പത്രമായ അഹമ്മദാബാദ് മിറർ ആണ് കേരള മോഡലിനെ രാജ്യം ഏറ്റെടുക്കണെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൊവിഡ് 19 ലോകമാകെയും രാജ്യത്തും പടർത്തുന്ന ആശങ്കകളെ കുറിച്ചാണ് എഡിറ്റോറിയൽ പേജിൽ വന്ന ലേഖനത്തില്‍ ആദ്യം പരാമർശിക്കുന്നത്. അതിൽ കേരളം സ്വീകരിച്ച മാർഗങ്ങൾ രാജ്യത്തിന് മാതൃകയാക്കാമെന്ന് വ്യക്തമാക്കുന്നു. ഇന്ത്യ, കേരളത്തെ പകർത്തൂ എന്ന തലക്കെട്ടോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംബന്ധിച്ച വിവരങ്ങളും ഉൾ പ്പെടുത്തിയിട്ടുണ്ട്. മുൻ എംപി എം ബി രാജേഷ് ലേഖനം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കോവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിലാണ് അതിജീവനത്തിന്റെ സാമ്പത്തിക പാക്കേജ് പിണറായി സർക്കാര്‍ പ്രഖ്യാപിച്ചത്. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സാധാരണ ജനജീവിതം ദുസഹമായ പോലെ സാമ്പത്തിക രംഗവും തകർ്ന്ന നിലയിലാണ്.
ഈ സാഹചര്യത്തിലാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങൾക്കാണ് അത് ലഭ്യമാവുക. ഒപ്പം ഏപ്രിൽ, മേയ് മാസങ്ങളിൽ ഓരോ മാസവും 1000 കോടിയുടെ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്ഷന് ഈ മാസം തന്നെ നല്‍കും.
50 ലക്ഷത്തിൽ പരം ആളുകൾക്ക് സാമൂഹ്യ സുരക്ഷ പെൻഷന് ലഭിക്കുന്നവരാണ്. ബിപിഎല്ലുകാരില്‍ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങാത്തവർക്ക് 1000 രൂപ വീതവും നൽകുമെന്നും അതിനായി 100 കോടി രൂപ വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ സൗജന്യ ഭക്ഷ്യധാന്യം നൽകും. അതിനായി നൂറ് കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. ഒപ്പം 20 രൂപക്ക് ഭക്ഷണം നൽകാൻ ഹോട്ടലുകളും തുടങ്ങും. സെപ്റ്റംബറില്‍ ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ സാഹചര്യത്തിൽ ഏപ്രിലിൽ തന്നെ തുറക്കാനാണ് തീരുമാനം.
ഹെൽത്ത് പാക്കേജിന്റെ ഭാഗമായി 500 കോടി രൂപ വകയിരുത്തുകയാണ്. അതിനൊപ്പം വിവിധ സ്ഥാപനങ്ങൾക്ക് കൊടുക്കാനുള്ള കുടിശികകൾ ഏപ്രിലിൽ തന്നെ കൊടുത്ത് തീർക്കും. ഓട്ടോ, ടാക്സിക്കാരുടെ നികുതിയിൽ ആലോചന നടത്തുമെന്നും അവർക്കുള്ള ഫിറ്റ്നെസ് ചാര്‍ജില്‍ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീയറ്ററുകൾക്കുള്ള വിനോദ നികുതിയിലും ഇളവ് നൽകും. കൊവിഡ് 19 വ്യാപനം തടയാൻ സൈന്യ, അർദ്ധസൈന്യ വിഭാഗങ്ങൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവരുമായി ചര്‍ച്ച നടത്തിയതായും പിണറായി വിജയൻ അറിയിച്ചു.