കൊറോണ ഭീതിയില്‍ ലോകം നില്ക്കവേ ഒരു ടെലിവിഷന്‍ ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയെ സ്വീകരിക്കാന്‍ ജനക്കൂട്ടം കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഡോ.ഷിംന അസീസ്. മനുഷ്യര്‍ക്ക് അധ:പതിക്കാവുന്നതിന് ഒരറ്റമുണ്ട്. ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് 19 തുരത്താന്‍ വേണ്ടി ആവുന്നതെല്ലാം ചെയ്യുകയാണ്.
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരുന്നത് തടയാന്‍ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി #Breakthechain ക്യാംപെയിന് തുടങ്ങിയ ദിവസമാണിന്ന്. കോവിഡ് 19 കളിതമാശയല്ല. കൈയീന്ന് പോയാല്‍ ‘ബിഗ് ബോസ്’ അല്ല ‘ബിഗ് ലോസ്’ ആയിരിക്കും. അണ്ണനെ ‘ഉയിര്’ എന്ന് വിളിക്കണേല് ശകലമെങ്കിലും ഉയിര് ബാക്കി വേണമല്ലോയെന്നും ഷിംന പറഞ്ഞു.
ഡോ.ഷിംനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
മനുഷ്യര്‍ക്ക് അധ:പതിക്കാവുന്നതിന് ഒരറ്റമുണ്ട്. ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് 19 തുരത്താന്‍ വേണ്ടി ആവുന്നതെല്ലാം ചെയ്യുകയാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരുന്നത് തടയാന്‍ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി #Breakthechain ക്യാംപെയിന് തുടങ്ങിയ ദിവസമാണിന്ന്.
എന്നിട്ട്, സഹമത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചു എന്ന് പറയപ്പെടുന്ന (ബിഗ് ബോസ് അറിയാതെ പോലും കണ്ടിട്ടില്ല, ഇനിയൊട്ട് കാണുകയുമില്ല) ഒരു ഭൂലോക സ്ത്രീവിരുദ്ധന് പുറത്തായതിന് അയാളെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ഇജ്ജാതി ആള്‍ക്കൂട്ടം ! ഒരു കാരണവശാലും അനുവദിച്ചു കൂടാത്ത ഒന്ന്.
ജീന്‍സിട്ടാല്‍ ‘ട്രാന്സ്ജെന്റര് കുഞ്ഞ്’ ജനിക്കുമെന്നും യൂട്രസ് സ്ലിപ് ആവുമെന്നും പറഞ്ഞ് നടന്ന രജിത് കുമാര്‍, അമ്മയോ കുഞ്ഞോ നിഷേധികളാകുമ്ബോഴാണ് സെറിബ്രല്‍ പാല്സിയോ ഓട്ടിസമോ ഉള്ള കുഞ്ഞുണ്ടാകുന്നത് എന്ന് വലിയ വായില്‍ മൊഴിഞ്ഞിരുന്നൊരാള്… പൊളിറ്റിക്കല്‍ ഇന്കറക്ട്നസിന് കൈയും കാലും മുളച്ചവന് !
പേരിന് മുന്നില്‍ ‘ഡോ.’ എന്ന് വന്നത് പിഎച്ച്ഡി ഉള്ളതിനാലാണ് എന്നത് സൗകര്യപൂര്‍വ്വം മൗനം പാലിച്ച് മറച്ച് വെച്ച് ശരീരശാസ്ത്രമെന്ന പേരില്‍ മനസ്സിലെ വിഷമൊഴിച്ച് ആളുകളെ നശിപ്പിക്കാന്‍ വെച്ച രജിത് കുമാര്‍…
എന്നിട്ട്, നാട് മഹാമാരിയില്‍ പെട്ട് കിടക്കുമ്ബോള്‍ അയാള്‍ക്ക് വേണ്ടി രോഗം വരാന്‍ സാധ്യതയുള്ള വിധം ആള്‍ക്കൂട്ടം ചേര്‍ന്നിരിക്കുന്നു. ആരുമില്ലേ ഇവിടെ ഇതിന് തടയിടാന്‍? എന്തൊരു അക്രമമാണിത് !
അങ്ങോട്ട് മാറി നില്‍ക്കണം മനുഷ്യരേ… കോവിഡ് 19 കളിതമാശയല്ല. കൈയീന്ന് പോയാല്‍ ‘ബിഗ് ബോസ്’ അല്ല ‘ബിഗ് ലോസ്’ ആയിരിക്കും.
ഇപ്പോള്‍ ഭയമല്ല വേണ്ടത്, നിതാന്തമായ ജാഗ്രതയാണ്. പിഴച്ചാല്‍ ഇത് വേരോടെ പിഴുതെടുത്തേക്കും.
അണ്ണനെ ‘ഉയിര്’ എന്ന് വിളിക്കണേല് ശകലമെങ്കിലും ഉയിര് ബാക്കി വേണമല്ലോ… !