ഡെറാഡൂണ്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പാട്ട് നിര്‍ത്തിയ ഡിജെയെ കല്യാണത്തിനെത്തിയ ആള് വെടിവെച്ചു കൊന്നു. ഉത്തരാഖണ്ഡ് രുദ്രാപുര്‍ ബരിയാ ദൗലത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാരെ നടുക്കിയ സംഭവം നടന്നത്. ഇരുപതുകാരനായ അവതാര്‍ സിംഗ് എന്ന ഡിജെയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കല്യാണത്തിന്റെ ചടങ്ങുകള്‍ക്ക് ശേഷം ഇവിടെ ഡിജെ പാര്‍ട്ടിയും വീട്ടുകാര്‍ ഒരുക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്കിടെ ചില യുവാക്കളുമായി പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അവതാര്‍ പാട്ട് നിര്‍ത്തി വെച്ചു. ഇതേ തുടര്‍ന്ന് പ്രകോപിതനായ വ്യക്തിയാണ് യുവാവിന് നേരെ നിറയൊഴിച്ചത്. കഴുത്തിന് വെടിയേറ്റ അവതാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ഇതിനിടയില്‍ കൃത്യം നടത്തിയ വ്യക്തി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഡിജെ പാര്‍ട്ടിക്കിടെ യുവാക്കളും അവതാറും തമ്മില്‍ പ്രശ്നങ്ങളുണ്ടായി. അവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അവതാര്‍ പാട്ട് നിര്‍ത്തിയിരുന്നു. ഈ ദേഷ്യത്തില്‍ കൂട്ടത്തിലുള്ള ഒരാള്‍ യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബഹളത്തിനിടെ മുഖ്യപ്രതി രക്ഷപെട്ടു. അതേസമയം സംഘത്തിലുണ്ടായിരുന്ന മറ്റ് ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ബരിയാ ദൗലത്ത് പോലീസ് ഇന്‍ ചാര്‍ജ് പ്രകാശ് ചാന്ദ് വ്യക്തമാക്കിയത്.