ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പ്പത്തി രണ്ടായി ഉയര്‍ന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 4 പേര് ഇന്ന് മരിച്ചു. അതേ സമയം പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. കലാപത്തില്‍ 82 പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും ഹെഡ്കോണ്‍സ്റ്റബിള്‍ രത്തല്‍ ലാല്‍ ഉള്‍പ്പെടെ 21 പേര് വെടിയേറ്റാണ് മരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
മരിച്ച പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. അതിനിടെ ഇന്ന് നടത്തിയ വ്യാപക പരിശോധനയില്‍ നാടന്‍ തോക്കുകളും മാരകായുധങ്ങളും വന്‍ തോതില്‍ പിടിച്ചെടുത്തു. അതെസമയം സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ട്. കനത്ത സുരക്ഷ സന്നാഹം എല്ലായിടത്തും തുടരുന്നതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങി. സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞയില്‍ ഇളവ് നല്കി.
അതിനിടെ ഡല്‍ഹി പോലീസ് കമ്മീഷണറായി എസ്എന്‍ ശ്രീവാസ്തവയെ നിയമിച്ചു. നിലവില്‍ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മീഷണറായിരുന്നു എസ്എന്‍ ശ്രീവാസ്തവ. നിലവിലെ കമ്മീഷണര്‍ അമൂല്യ പട്നായിക് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് പകരക്കാരനായി ശ്രീവാസ്തവയെ നിയമിക്കുന്നത്. ജനുവരിയില്‍ കാലാവധി അവസാനിച്ച അമൂല്യ പട്നായികിന് ഒരു മാസം സര്‍ക്കാര്‍ സര്‍വീസ് നീട്ടി നല്കിയതായിരുന്നു. എന്നാല്‍ കലാപം കൈകാര്യം ചെയ്ത രീതിയില്‍ അമൂല്യ പട്നായിക്കിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് കാലാവധി നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചത്. കൂടാതെ വനിത കമ്മീഷന് അദ്ധ്യക്ഷ രേഖ ശര്‍മ്മ കലാപത്തിന് ഇരകളായവരെ കണ്ടു.