മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് . ചിത്രത്തിൽ സൂപ്പർതാരം മോഹൻലാലിന്റെ മകനും നടനുമായി പ്രണവ് മോഹൻലാലും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രണവിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
കുഞ്ഞാലി മരക്കാർ നാലാമനായാണ് പ്രണവ് ചിത്രത്തിലെത്തുന്നത്. ചിത്രം മാർച്ച് 26 നാണ് തിയേറ്ററുകളിലെത്തുക. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് വിഎഫ്എക്സ് ഒരുക്കുക മാർവെൽ സിനിമകൾക്ക് വിഎഫ്എക്സ് ഒരുക്കിയ അനിബ്രയിൻ ആണ്. ലോക സിനിമയിലെ തന്നെ പല വമ്പൻ സിനിമകൾക്കും വി എഫ് എക്സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിൻ. കിംഗ്സ്മാൻ, ഗ്വാർഡിയൻ ഓഫ് ഗ്യാലക്സി, ഡോക്ടർ സ്ട്രെയിഞ്ച്, നൗ യൂ സീ മീ 2 എന്നിവ ഇവയിൽ ചിലത് മാത്രം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഡോക്ടർ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ സഹനിർമ്മാതാക്കളാണ്. പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.