ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപത്തിനിടെ അക്രമകാരികള്‍ തീവച്ച വീടിനുള്ളില്‍ കുടുങ്ങിയ 85കാരിക്ക് ദാരുണാന്ത്യം. അക്ബറി എന്ന വയോധികയാണ് തീപ്പിടിത്തത്തിനിടെ വീട്ടിനുള്ളില്‍ ശ്വാസം മുട്ടിമരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഗാമ്രി മേഖലയ്ക്ക് സമീപം, അക്ബറി താമസിക്കുന്ന വീടിന് അക്രമകാരികള്‍ തീവെച്ചത്. തീയിലും പുകയിലും ശ്വാസംമുട്ടിയാണ് അക്ബറി മരണപ്പെട്ടത്. അഗ്നിശമന ഉദ്യോഗസ്ഥരെത്തി പത്ത് മണിക്കൂറിനുശേഷമാണ് വീടിനുള്ളില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാനായത്.
സംഭവത്തെ കുറിച്ച് ഇവരുടെ മകനായ സയ്യീദ് സല്‍മാനി പറയുന്നത് ഇങ്ങനെ, പാല് വാങ്ങാനായി താന്‍ പുറത്തേക്ക് പോയപ്പോള്‍ അക്രമകാരികള്‍ വീടിന് തീവയ്ക്കുകയായിരുന്നു. സംഭവ സമയത്ത് മക്കളില്‍ രണ്ട് പേര് വീടിനുള്ളിലായിരുന്നു. വീടിന്റെ മൂന്നാമത്തെ നിലയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു അമ്മ.
അക്രമികള്‍ തീയിട്ട കാര്യം മക്കള്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് താന്‍ തിരിച്ചു വന്നെങ്കിലും അക്രമികള്‍ എന്നെ വീട്ടിലേക്ക് കടത്തി വിട്ടില്ല.
അക്രമികള്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നെ ബന്ധിച്ചു. തീ ആളി പടര്‍ന്നതോടെ കുട്ടികള്‍ എങ്ങനെയോ രക്ഷപ്പെട്ടു. എന്നാല്‍ അമ്മയ്ക്ക് പുറത്തേക്ക് കടക്കാനാകാതെ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും സയ്യീദ് പറഞ്ഞു. വന്നവര്‍ ഹിന്ദുവാണോ, മുസ്ലീമാണോ എന്ന് തനിക്കറിയില്ലെന്നും സയ്യീദ് പറഞ്ഞു.
ഇത് ഹിന്ദുവിന്റെയോ, മുസല്മാന്റെയോ പ്രശ്നമാണെന്ന് ഇനിയും നിങ്ങള്‍ പറയരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. ഹൈന്ദവ സഹോദരന്മാര്ക്കൊപ്പമാണ് ഞാന്‍ ജോലി ചെയ്യുന്നത്. സമാധാനം മാത്രമേ അവിടെയുള്ളൂ. എന്റെ അമ്മയെ എനിക്ക് നഷ്ടമായി. വീടും ജോലിസ്ഥലവും പോയി.’ -സയ്യീദ് സല്‍മാനി പറഞ്ഞു.
അതെസമയം വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നാലു ദിവസമായി തുടരുന്ന ആക്രമണത്തില്‍ 35 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.