കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസ്സുകാരിക്കായി മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. പോലീസ് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. വീട്ടില്‍നിന്ന് മണംപിടിച്ച പോലീസ് നായ വീടിനടുത്തുള്ള പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങി. ഈ ഭാഗത്ത് പോലീസ് വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.
ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കാണാതായതോടെ ധന്യ ബഹളം വെച്ചു. ഇതോടെയാണ് പ്രദേശവാസികളും നാട്ടുകാരും സ്ഥലത്തെത്തിയത്. ഇവര്‍ പരിസരത്ത് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി. വീടിന്റെ നൂറുമീറ്റര്‍ അകലെ പുഴയുള്ളതിനാല്‍ കുട്ടി പുഴയില്‍ വീണിരിക്കാമെന്നും സംശയമുയര്‍ന്നു. ഇതേത്തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി പുഴയിലും തിരച്ചില്‍ നടത്തി. മണിക്കൂറുകളായി പുഴയില്‍ തിരച്ചില്‍ നടത്തുകയാണെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.