ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും. റോഡ് ഉപരോധിച്ച ആള്‍ക്കൂട്ടം രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കുന്നത് വരെ മൃതദേഹം സംസ്കരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.
ഡല്‍ഹിയിലെ കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ഡല്‍ഹി ഗോകുല്‍പുരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ കൊല്ലപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബന്ധുക്കളെ റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുകയാണ്. രത്തന്‍ ലാലിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഇന്നലെയെത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം രത്തന്‍ ലാലിന്റെ ഭാര്യയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി കത്തയച്ചിരുന്നു. അദ്ദേഹം ധീരനായിരുന്നു എന്നാണ് രത്തന്‍ലാലിനെക്കുറിച്ച് അമിത് ഷാ കത്തില്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം രാജ്യം മുഴുവനുമുണ്ടെന്ന് അമിത് ഷാ കത്തില്‍ വ്യക്തമാക്കി. ജോലിക്കിടെ മഹത്തായ ത്യാഗമാണ് അദ്ദേഹം നടത്തിയതെന്നും രത്തന്‍ ലാലിന്റെ ഭാര്യ പൂനം ദേവിക്ക് എഴുതിയ കത്തില്‍ അമിത് ഷാ പറഞ്ഞു.