ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
കലാപവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടിതയുടെ ഉത്തരവ്. നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ കോടതിയെ കേള്‍പ്പിച്ചതിന് ശേഷമാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അക്രമികള്‍ക്കെതിരെ നടപടി എടുക്കാന്‍ വൈകരുതെന്ന് കോടതി പോലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു.
പ്രകോപനപരമായ പ്രസംഗത്തില്‍ കേസെടുക്കാത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. കലാപത്തിന്റെ ഉത്ഭവ സ്ഥാനം ലക്ഷ്യമിട്ടാണ് നടപടി വേണ്ടത്. ഒരു ശൃംഖല പോലെയാണ് കാര്യങ്ങള്‍ പിന്നീട് പ്രവര്‍ത്തിച്ചതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധര്‍ പറഞ്ഞു. കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറലിനെയും കോടതി വിമര്‍ശിച്ചു. കലാപകാരികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും കേസെടുക്കാന്‍ എത്രവീടുകള്‍ കത്തിച്ചാമ്പലാകണമെന്നും കോടതി ചോദിച്ചു. നഗരം കത്തിതീര്‍ന്നിട്ടാണോ കേസെടുക്കേണ്ടതെന്നും കോടതി തുറന്നടിച്ചു ചോദിച്ചു.