ന്യൂഡല്‍ഹി: മാര്‍ച്ച് മാസത്തില്‍ തുടര്‍ച്ചയായ ആറു ദിവസം രാജ്യത്തെ ബാങ്കുകള്‍ തുറക്കില്ല. മാര്‍ച്ച് 10 മുതല്‍ പതിനഞ്ച് വരെയുളള ആറുദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യതയുളളത്. ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കും അവധികളും കണക്കാക്കുമ്പോഴാണ് തുടര്‍ച്ചയായ ആറു ദിവസം ബാങ്കുകള്‍ സ്തംഭിക്കുന്നത്.
മാര്‍ച്ച് 10 ചൊവ്വാഴ്ച ഹോളിയാണ്. അന്ന് ബാങ്കുകള്‍ തുറക്കില്ല. മാര്‍ച്ച് 11 മുതല്‍ 13 വരെ വിവിധ ജീവനക്കാരുടെ യൂണിയനുകള്‍ സംയുക്തമായി ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബാങ്കുകളുടെ ലയനം, ശമ്പള വര്‍ധന ഉള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 14 രണ്ടാം ശനിയാഴ്ചയാണ്. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. 15-ാം തീയതി ഞായറാഴ്ചയുമാണ്. ചുരുക്കത്തില്‍ 9-ാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. പിന്നീട് അടുത്ത തിങ്കളാഴ്ച വരെ ഇടപാടുകാര്‍ കാത്തിരിക്കേണ്ടി വരും.
യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പിന്‍വലിച്ചില്ലെങ്കില്‍ ആറുദിവസം ഇടപാടുകള്‍ നടത്താന്‍ കഴിയാതെ ഇടപാടുകാര്‍ വലയേണ്ടി വരും. ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് ബാങ്കുകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. ജനുവരി എട്ടിനും ജനുവരി 31 ഒന്ന് തീയതികളിലും ബാങ്കുകള്‍ പണിമുടക്കിയിരുന്നു.