ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ പ്രശംസിച്ച് കേന്ദ്രം. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ശ്രേഷ്ഠമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ പ്രവര്‍ത്തനരീതിയില്‍ ഏറെ അഭിമാനം ഉണ്ടെന്നും മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാക്കാവുന്ന പ്രവര്‍ത്തന രീതിയാണ് കേരളത്തിന്റെതെന്നും പ്രീതി സുദന്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിന് ഒടുവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യ സെക്രട്ടറി.
കേരളത്തില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയ മൂന്ന് പേരുടെ നില കുഴപ്പമില്ലാതെ തുടരുന്നു. തൃശ്ശൂരിലും ആലപ്പുഴയിലും കാസര്‍കോടുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിച്ച ആളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്.
അതെസമയം ജപ്പാന് തീരത്തു നങ്കൂരം ഇട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായി ജപ്പാനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന് വ്യക്തമാക്കി.
കൂടാതെ, ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിയ രണ്ടു പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ രണ്ടു പേരെയും കൊല്‍ക്കത്തിയിലെ ബെലിയഘട്ട ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
എന്നാല്‍ ചൈനയിലെ വുഹാനില്‍ നിന്നു തിരികെ എത്തിച്ച 645 ഇന്ത്യക്കാരില്‍ ആരിലും തന്നെ പരിശോധനകളില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. ഇവരെ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നു വിട്ടയക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.